പുൽപള്ളി: ചെറിയ വായ്പകൾക്കായി ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാരനെ ഉപയോഗപ്പെടുത്തി തട്ടിപ്പിന്റെ കഥകൾ ഇതിനകം നിരവധിയുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇത്തരം സംഭവത്തിന് സാക്ഷ്യയായത് കർഷക ജില്ലയായ വയനാടാണ്. 73,000 വായ്പയെടുത്ത ഒരു കർഷകന്റെ പേരിലുളള ബാധ്യത 40 ലക്ഷത്തോളം. തട്ടിപ്പിന് ഇരയായ പുൽപള്ളിയിലെ രാജേന്ദ്രൻ നായർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതതോടെ പ്രശ്നം വീണ്ടും സജീവമായി.
വായ്പ തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. നാല് വർഷത്തിന് ശേഷം വിജിലൻസ് വെളളിയാഴ്ചയാണ് കുറ്റപത്രം നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2019 ൽ അന്വേഷണം പൂർത്തിയായതാണ്.
നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു. നടപടി ക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാനിടയാക്കിയതെന്നാണ് വിജിലൻസ് വിശദീകരണം.
സജീവൻ കൊല്ലപ്പള്ളി എന്ന ആളാണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരൻ. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സജീവൻ കർണാടകയിലേക്ക് കടന്നതായാണ് സൂചനകൾ. വായ്പ തട്ടിപ്പിന് ഇരയായ പുൽപള്ളിയിലെ രാജേന്ദ്രൻ നായർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വൻ പ്രതിഷേധമാണ് നാട്ടിലെങ്ങും ഉണ്ടായത്.
ഇതിന്റെ തുടർച്ചയായാണ് അന്നത്തെ ബാങ്കിന്റെ പ്രസിഡന്റായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിനെയും സെക്രട്ടറിയായിരുന്ന രമാദേവിയേയും അറസ്റ്റ് ചെയ്തത്. രാജേന്ദ്രൻ നായരുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഇദ്ദേഹം ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവിൽ പലിശയടക്കം 40 ലക്ഷത്തിന് മുകളിൽ കുടിശ്ശിക ഉണ്ടെന്നാണ് ബാങ്ക് രേഖയിൽ. 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും കോൺഗ്രസ് ഭരിച്ച ബാങ്കിന്റെ മുൻ ഭരണ സമിതി ബാക്കി തുക തന്റെ പേരിൽ തട്ടിയെടുത്തെന്നും രാജേന്ദ്രൻ നായർ പരാതി നൽകിയിരുന്നു.
കേസിലെ മുഖ്യസൂത്രധാരനായ സജീവൻ കൊല്ലപ്പളളിയാണ് കൂടുതൽ വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കർഷകരെ സമീപിച്ചത്. 30 സെന്റ് കരഭൂമിയും 20 സെന്റ് വയലുമുളള സജി കൃഷി വിപുലീകരണത്തിനാണ് രണ്ട് ലക്ഷം രൂപ വായ്പക്കായി ബാങ്കിൽ അപേക്ഷ നൽകിയത്.
50,000 രൂപയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നായിരുന്നു ബാങ്ക് ഭരണ സമിതി അറിയിച്ചത്. സജീവനാണ് പിന്നീട് വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ടത്. രണ്ട് ലക്ഷം രൂപയാണ് വായ്പയായി ലഭിച്ചത്. 2018 ലാണ് 25 ലക്ഷം രൂപ ബാധ്യതയുള്ളതായി അറിയുന്നത്. അന്നത്തെ സെക്രട്ടറി അടക്കമുള്ളവരോട് ഇക്കാര്യംചൂണ്ടിക്കാണിച്ചിരുന്നു. വായ്പയെടുത്ത തുക ഒരു വനിത ഡയറക്ടർക്കാണ് നൽകിതെന്നും അറിഞ്ഞത്.
ഇത് ചോദ്യം ചെയ്തപ്പോൾ തുക രണ്ട് മാസത്തിനകം തിരിച്ചടക്കുമെന്ന് ഉറപ്പും ലഭിച്ചു. യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെയാണ് പൊലീസിനും സഹകരണ വകുപ്പ് അധികൃതർക്കും പരാതി നൽകിയത്. കേളക്കവലയിലെ സിമൻറ് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലിനോക്കുകയാണ് സജിയിപ്പോൾ.
മുൻ ഭരണസമിതിയുടെ കാലത്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇതിനായി ഉപയോഗിച്ചത് ചെറിയ തുക വായ്പ എടുത്തവരെ. ചെറിയ തുക വായ്പയെടുക്കാൻ ബാങ്കിലെത്തിയ കർഷകർ ഉൾപ്പെടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം അറിയുന്നത്.
30 തോളം പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്. 2022 ആഗസ്റ്റിൽ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8.3 കോടി രൂപ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് ഈടാക്കാനും ഉത്തരവായി. ഇത് ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതിയിലെ ചില അംഗങ്ങൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പിൽ കുടുങ്ങിയ സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന കർഷകന് പാർട്ടിയിൽ നിന്നും നീതിലഭിച്ചില്ലെന്ന് പരാതി. പുൽപള്ളിയിലെ കള്ളിക്കൽ സജിയാണ് ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചത്.
അന്ന് പുൽപള്ളി കതവാക്കുന്ന് ബ്രാഞ്ച് അംഗമായിരുന്നു സജി. കാര്യങ്ങൾ പരിഹരിച്ച് നൽകണമെന്നും പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നീതി ലഭിച്ചില്ല. ഏഴ് മാസം ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ബാങ്കിനുമുന്നിൽ സമരം നടത്തിയപ്പോഴും ഇരു മുന്നണികളും തിരിഞ്ഞുനോക്കിയില്ല. ജനകീയ സമര സമിതിയോടൊപ്പം ചേർന്നു വായ്പ തട്ടിപ്പിൽ കുടുങ്ങിയവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തേക്ക് സജിയും തിരിഞ്ഞു.
ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് സജിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കാരണം പോലുംചോദിച്ചില്ല. വായ്പ തട്ടിപ്പിനെതിരെ സർക്കാർ ഭാഗത്തുനിന്നും ശക്തമായ നടപടി മുമ്പ് ഉണ്ടായിരുന്നെങ്കിൽ രാജേന്ദ്രൻ ജീവനൊടുക്കേണ്ടിവന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുൽപള്ളി: രാജേന്ദ്രൻ ജീവനൊടുക്കിയ സാഹചര്യത്തിൽ പ്രതിഷേധം കനപ്പിച്ച് സി.പി.എം. മരണത്തിനുത്തരവാദികളായ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, രാജേന്ദ്രന്റെയും കുടുംബത്തിന്റെറയും തട്ടിപ്പിന് ഇരയായ മറ്റ് കർഷകരുടെയും ബാധ്യത കോൺഗ്രസ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച സി.പി.എം ജനകീയ പ്രതിഷേധം പുൽപള്ളിയിൽ ഒരുക്കും. യോഗത്തിന് മുന്നോടിയായി കൂറ്റൻ പ്രകടനവും നടത്തും.
പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമാക്കാൻ ജനകീയ സമര സമിതി. ജീവനൊടുക്കിയ കർഷകനായ രാജേന്ദ്രൻ നായരുടെ കടങ്ങൾ എഴുതി തള്ളുക, കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുക, കുടുംബത്തിന് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഈ കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ ഈ മാസം അഞ്ചിനുശേഷം മരണപ്പെട്ട കർഷകന്റെ ചിതാഭസ്മവുമായി സെക്രേട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റുമെന്നും സമര സമിതി ചെയർമാൻ അജയകുമാർ ആരോപിച്ചു.
പുൽപള്ളി: സി.പി.എമ്മിന്റെത് അവസരവാദ രാഷ്ട്രീയമെന്ന് ബി.ജെ.പി. കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന സമരം അപഹാസ്യവും ആത്മ വഞ്ചനയുമാണെന്ന് ബി.ജെ.പി മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി. രാജൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ആശ ഷാജി, ബിനിൽ ബാബു, ബെന്നി കുളങ്ങര, കുമാരൻ പൊയ്ക്കാട്ടിൽ, സദാശിവൻ കളത്തിൽ, പി.എൻ. സന്തോഷ്, സതീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.