പുൽപള്ളി: മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള പൂർവിക പൈതൃകഭവനം സംരക്ഷിച്ച് പുൽപള്ളിക്കടുത്ത വെളുകൊല്ലി മുടവൻകര രാജഗോപാലും കുടുംബവും. 300 വർഷം പഴക്കമുള്ള പൈതൃകഭവനം മാറ്റങ്ങൾക്ക് വിട്ട് കൊടുക്കാതെ ഇപ്പോഴും സംരക്ഷിക്കുകയാണിവർ.
വനഗ്രാമമായ വെളുകൊല്ലിയിലെ ചെട്ടി സമുദായത്തിൽപെട്ട കുടുംബമാണ് രാജഗോപാലിന്‍റേത്. പരമ്പരാഗത രീതിയിൽ മൺഭിത്തികൊണ്ട് നിർമിച്ച് മുളകൾകൊണ്ടാണ് മേൽക്കൂര പണിതിരിക്കുന്നത്. തേക്കുൾപ്പെടെയുള്ള മരങ്ങൾ ഉപയോഗിച്ചാണ് വാതിലും മച്ചുമെല്ലാം നിർമിച്ചിരിക്കുന്നത്. വൈക്കോൽ മേഞ്ഞാണ് ഈ വീട് സംരക്ഷിക്കുന്നത്.
പൂർവപിതാക്കൾ നിർമിച്ച പഴയ വീട് പാരമ്പര്യമായി സംരക്ഷിച്ചുവരുകയാണ് ഈ കുടുംബം. അതിനാൽ ഈ വീട് പൊളിച്ചു മാറ്റാൻ രാജഗോപാൽ തയാറല്ല. പ്രകൃതിക്ക് ഇണങ്ങുന്നതും സുഖകരമായ അന്തരീക്ഷമാണ് വീടിനുള്ളിൽ അനുഭവപ്പെടുന്നത്. കളിമൺ കുഴച്ച് പരുവപ്പെടുത്തിയാണ് ഭിത്തിനിർമാണം. കരിയും ചാണകവും മിശ്രണം ചെയ്ത് തറയും ഭിത്തികളും തേച്ചുമിനുക്കിയിട്ടുണ്ട്.
വനത്തോട് ചേർന്ന സ്ഥലമായതിനാൽ മുമ്പ് ഈ വീടിനുനേരെ പലപ്പോഴും കാട്ടനയുടെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിട്ടും വീടിന് ഒരു പോറലും ഏറ്റിട്ടില്ല. അത്രക്ക് കെട്ടുറപ്പുള്ള വീടാണിത്. വീട് കാണാൻ പലരും ഇവിടെ എത്താറുണ്ട്. പ്രതിവർഷം റിപ്പയർ ചെയ്യാൻ നല്ല സംഖ്യ ചെലവാകുമെങ്കിലും ഈ പൈതൃകഭവനം നിലനിർത്തുമെന്ന് രാജഗോപാലിന്‍റെ മകളുടെ ഭർത്താവ് അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.