പുൽപള്ളി: 26 വർഷത്തെ വനം വകുപ്പിലെ സേവനത്തിനുശേഷം ഫോറസ്റ്റ് റേഞ്ച് ഓഫിസർ അബ്ദുൽ സമദ് സർവിസിൽനിന്ന് പടിയിറങ്ങി. മൂന്നു വർഷത്തിലേറെയായി ചെതലയത്ത് ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ്. ജീവൻ പണയംവെച്ചും ജോലി ചെയ്ത കാലത്തെ ഒരുപിടി നല്ല ഓർമകളുമായാണ് അദ്ദേഹം വിരമിക്കുന്നത്. വിരമിക്കൽ ദിവസമായ തിങ്കളാഴ്ചയാണ് കാട്ടുകൊമ്പൻ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവമുണ്ടായത്. ഇതിന്റെ നടപടിക്രമങ്ങൾക്കും നേതൃത്വം നൽകി.
1998ൽ 30ാം വയസ്സിലാണ് വനംവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 2008ൽ കാന്തല്ലൂരിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറായി. തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതി വനംവകുപ്പിന്റെ കീഴിൽ കൊണ്ടുവരാൻ സാധിച്ചത് തുഷാരഗിരിയിൽ ജോലി ചെയ്യുമ്പോഴായിരുന്നു. ചന്ദന കള്ളക്കടത്തുകാരെ പിടികൂടുന്നതിനിടെ പരിക്കുപറ്റി. തിരുനെല്ലിയിൽ ജോലി ചെയ്തത് മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ രൂക്ഷമായിരുന്ന കാലത്താണ്. ബേഗൂർ റേഞ്ചിലും ജോലി ചെയ്തിട്ടുണ്ട്. തിരുനെല്ലിയിലും ബേഗൂരിലും ജോലി ചെയ്യുന്നതിനിടെ ആറ് ആളുകൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു. ഓപറേഷൻ ബേഗൂർ മഗ്നയുടെയും വാകേരിയിലെ നരഭോജി കടുവയെ പിടികൂടുന്നതിന്റെയും ഭാഗമായി. സർവിസിലിരിക്കെ ഒട്ടേറെ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. മികച്ചൊരു സ്പോർട്സ്മാൻ കൂടിയാണ് ഇദ്ദേഹം. വനംവകുപ്പിന്റെ വിവിധ കായികമേളകളിൽ നേട്ടം കൈവരിച്ചു. ഇനി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.