പുൽപ്പള്ളി: സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. അബ്രഹാമുമായി പുൽപ്പള്ളി ബാങ്കിലും അദ്ദേഹത്തിന്റെ ചുണ്ടക്കൊല്ലിയിലെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. 36 വായ്പകളുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് ബാങ്കിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ശേഖരിച്ചത്. ഉച്ചയോടെ പുൽപള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച അബ്രഹാമിനെ ആദ്യം വീട്ടിലേക്കും പിന്നീട് ബാങ്കിലേക്കുമാണ് കൊണ്ടുവന്നത്. ബാങ്കിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജനകീയ സമിതി പ്രവർത്തകർ അബ്രഹാമിനെതിരെ മുദ്രാവാക്യം മുഴക്കി. ഇത് പൊലീസ് ചോദ്യം ചെയ്തതിന്റെ പേരിൽ വാക് തർക്കങ്ങളുമുണ്ടായി.
പ്രതികൾക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുകയാണെന്നും ഇതിനെതിരെ ശനിയാഴ്ച പൊലീസ് സ്റ്റേഷന് മുന്നിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തുമെന്നും സമിതി ചെയർമാൻ അജയകുമാർ പറഞ്ഞു. അതേ സമയം തനിക്കെതിരായ നടപടി ഗൂഡാലോചനയാണെന്ന് കെ.കെ. അബ്രഹാം പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പുറത്തിറങ്ങിയ ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചുമണിവരെയായിരുന്നു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പിന്നീട് അദ്ദേഹത്തെ മാനന്തവാടിയിലെ ജയിലിലേയ്ക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.