പുൽപള്ളി: മുട്ടാമ്പുളി, ഞെട്ടങ്ങ എന്നിങ്ങനെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഞൊട്ടാഞൊടിയൻ ഇന്ന് നാട്ടിൽ അപൂർവ കാഴ്ചയാണ്. ഒരു കാട്ടുചെടി എന്നതിലുപരി, ആരോഗ്യ ഗുണം ഏറെയുള്ള ഒന്നാണിത്. മുമ്പെല്ലാം തോട്ടങ്ങളിൽ ധാരാളമായി കണ്ടിരുന്ന ഞൊട്ടാഞൊടിയൻ ഇന്ന് നാട്ടിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. ആയുർവേദ മരുന്നുകൾ അടക്കം നിർമിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഇടക്കാലത്ത് ഉയർന്ന വിലയും ഇതിന് വന്നു.
എന്നാൽ, പുൽപള്ളി ചാമപ്പാറയിലെ ഞാറ്റുവെട്ടിൽ സുദർശനെൻറ കൃഷിയിടത്തിൽ എത്തിയാൽ കണ്ണുനിറയെ ഞൊട്ടാഞൊടിയനെ കാണാം. ഏകദേശം ഒരേക്കറോളം സ്ഥലത്ത് പരന്നുകിടക്കുകയാണിത്.
ഇത് ഇവിടെ എങ്ങനെയുണ്ടായി എന്നത് അതിശയമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യമേകാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദ സാധ്യതയെയും വ്യാപനത്തെയും തടയുന്നു. കഴിഞ്ഞ വർഷം ഈ പഴത്തിന് കിലോക്ക് 1000 രൂപ വരെ വില ലഭിച്ചിരുന്നു.
ആഗോളവിപണിയിൽ താരപ്പൊലിമ നേടിയ ഞൊട്ടാഞൊടിയനെ തിരഞ്ഞ് ആളുകൾ നെട്ടോട്ടമോടുന്ന അവസ്ഥയും വന്നിരുന്നു. മഴക്കാലത്താണ് സാധാരണയായി പറമ്പുകളിൽ ഈ പഴം മുളച്ചുപൊന്തുന്നത്. മഴക്കാലം കഴിയുന്നതോടെ താനേ നശിക്കും. പ്രമേഹരോഗികൾക്കും ഏറെ നല്ലതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.