പുൽപള്ളി: അരിയും പഞ്ചസാരയുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ സൈപ്ലകോയിൽ ഇല്ലാതായിട്ട് മൂന്നു മാസം കഴിഞ്ഞു. വിലക്കുറവ് പ്രതീക്ഷിച്ചെത്തുന്ന സാധാരണക്കാർ മടങ്ങുന്നത് വെറുംകൈയോടെ. പൊതു വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്രയമാകേണ്ട സെപ്ലെകോ ഔട്ടലെറ്റുകളിലാണ് അരിയടക്കമുള്ള നിത്യോപയോഗസാധനങ്ങൾ കാലിയായിരിക്കുന്നത്. സബ്സിഡി സാധനങ്ങൾ കിട്ടാതായതോടെ മാവേലി സ്റ്റോറുകളിൽ വിൽപന കുത്തനെ കുറഞ്ഞു.
സാധാരണ സപ്ലൈകോ കടയിൽ ശരാശരി 50 ലക്ഷം രൂപയുടെ വിൽപന ഒരു മാസം ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു മാസമായി മിക്ക മാവേലി സ്റ്റോറുകളിലും 20 ലക്ഷം രൂപയിൽ താഴെ മാത്രമാണ് കച്ചവടം നടക്കുന്നത്. മാവേലി സ്റ്റോറുകളിൽ അവശ്യവസ്തുക്കളുടെ ക്ഷാമം വർധിച്ചതോടെ പയർ, പരിപ്പ്, കടല തുടങ്ങിയവക്കെല്ലാം പൊതു വിപണിയിൽ വില കുതിച്ചുയർന്നു.
അരി കൂടാതെ ഒമ്പത് ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. മുളക്, വൻപയർ, ചെറുപയർ, സാമ്പാർ പരിപ്പ്, വെളിച്ചെണ്ണ, പഞ്ചസാര അടക്കം ഒന്നുമില്ല ഇപ്പോൾ. നോൺ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കും കുറഞ്ഞു. കുടിശ്ശിക 700 കോടി കടന്നതോടെ വിതരണക്കാർ സാധനങ്ങൾ നൽകുന്നത് നിർത്തിയതാണ് തിരിച്ചടിയായത്. സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിരാശയോടെ മടങ്ങേണ്ട കാഴ്ചയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.