പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ പാക്കത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് താമസിക്കാനായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടങ്ങൾ വെറുതെയായി. രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടം പാഴായികിടക്കുകയാണ്. കാലപ്പഴക്കത്താൽ പലതും തകർന്നിട്ടുണ്ട്. ഗോത്രവിഭാഗങ്ങൾ തിങ്ങിപാർക്കുന്ന പാക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് താമസിക്കുന്നതിനായാണ് കെട്ടിടങ്ങൾ നിർമിച്ചത്.
എന്നാൽ, അനുബന്ധ സൗകര്യങ്ങൾ ഒന്നും ഇവിടെ ഒരുക്കിയിരുന്നില്ല. സ്വകാര്യ വ്യക്തി നൽകിയ ഭൂമിയിലായിരുന്നു നിർമാണം. ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിർമിച്ചതല്ലാതെ ഇവിടേക്ക് ജീവനക്കാരെ മാറ്റുന്നതിന് നടപടിയുണ്ടായില്ല. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കെട്ടിടങ്ങൾ പലതും തകർന്നു. അവശേഷിക്കുന്നവ സംരക്ഷിക്കാനും നടപടിയുണ്ടായില്ല. പാക്കം എൽ.പി സ്കൂളിനോട് ചേർന്നാണ് ഈ കെട്ടിടങ്ങളുള്ളത്. വിദ്യാർഥികളിൽ ഭൂരിഭാഗവും ഗോത്ര വിഭാഗത്തിൽനിന്നുള്ള കുട്ടികളാണ്. നാലാം ക്ലാസ് കഴിഞ്ഞാൽ പഠത്തിനായി കി.മീറ്ററുകൾ യാത്ര ചെയ്യണം.
ഇവിടെ യു.പി സ്കൂൾ ആരംഭിച്ച് താമസ സൗകര്യമൊരുക്കിയാൽ കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പിനായി നിർനിച്ച കെട്ടിടങ്ങൾ കുട്ടികൾക്ക് താമസസൗകര്യത്തിനായി ഉപയോഗിക്കാം. നാശം നേരിടുന്ന കെട്ടിടങ്ങൾ ഇത്തരത്തിൽ സംരക്ഷിക്കാൻ കഴിയുമെങ്കിലും നടപടിയുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.