പുൽപള്ളി: വീടു നിറയെ ചിതൽ പുറ്റുകൾ. താമസമൊഴിഞ്ഞ് ആദിവാസി കുടുംബം. വനഗ്രാമമായ ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിന്റെ വീട്ടിലാണ് അനുദിനം ചിതൽ പുറ്റുകള്‍ രൂപം കൊണ്ടിരിക്കുന്നത്. വീടിന്റെ വരാന്തയിലും ഹാളിലുമെല്ലാം നിറയെ ചിതൽ പുറ്റുകളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മിച്ചു നല്കിയ ചെറിയ വീട്ടിലാണ് ബിന്ദുവും മകള്‍ ബീനയും താമസിക്കുന്നത്.
പുതിയ വീട്ടില്‍ താമസമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ തന്നെ പുതിയ താമസക്കാരായി ചിതലുകളുമെത്തി. ആദ്യമാദ്യം ചെറിയചിതൽ പുറ്റുകള്‍ ഉയര്‍ന്ന് വന്നപ്പോള്‍ അത് കാര്യമാക്കാതെ തട്ടിക്കളഞ്ഞ് വൃത്തിയാക്കിയിരുന്നു. എന്നാല്‍ പതിയെ പതിയെ വീട് മുഴുവന്‍ വലിയ ചിതല്‍പ്പുറ്റുകളാല്‍ നിറഞ്ഞു.
ഒഴിവാക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചിട്ടും ഒന്നും ഫലം കണ്ടില്ല. വീട്ടിനുള്ളില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇതോടെ കോളനിയിൽ തന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.
വീട്ടില്‍ വലിയ ചിതൽ പുറ്റുകള്‍ വന്നത് ദൈവിക സാന്നിധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിലാണ് കോളനിക്കാര്‍. ഇതിനാല്‍ വിശേഷ ദിവസങ്ങളില്‍ ബിന്ദുവിന്റെ വീട്ടിലെ ചിതല്‍പുറ്റുകള്‍ക്ക് മുന്നില്‍ കോളനിവാസികള്‍ വിളക്ക് തെളിയിച്ച് പൂജകള്‍ നടത്തിവരുന്നുണ്ട്.
പഞ്ചായത്ത് നിര്‍മിച്ചു നല്കിയ മാരയുടെ വീട് കാലപ്പഴക്കത്താല്‍ തകര്‍ച്ചയുടെ വക്കിലാണ്. മേല്‍ക്കൂര വാര്‍ത്തതാണെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കും. രണ്ടു മുറികള്‍ മാത്രമുള്ള ഈ കൊച്ച് വീട്ടില്‍ ഏട്ടോളം അംഗങ്ങളാണ് താമസിക്കുന്നത്. ബിന്ദുവിനും മകള്‍ക്കുമായി താമസിക്കാന്‍ അധികൃതര്‍ പുതിയ വീട് നിര്‍മിച്ച് നല്‍കണമെന്നാണ് കോളനിവാസികള്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.