പുൽപള്ളി: കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നാണ് പഴമൊഴി. എന്നാൽ, പൂതാടി പഞ്ചായത്തിലെ തൂത്തിലേരി ഗ്രാമത്തിൽ ഒരു കാക്ക നാടിെൻറ മുഴുവൻ പൊൻകുഞ്ഞായിരിക്കുന്നു. തൂത്തിലേരി അടിമാറയിൽ ജോണായിയുടെ വീട്ടിൽ നിത്യവും എത്തുന്ന കാക്ക 'കാർത്തു'എന്ന പേരിലാണ് അറിയപ്പെടുന്നത്. കാർത്തു ഇപ്പോൾ വീട്ടുകാരുടെയും നാട്ടുകാരുടെയും അരുമയാണ്. കാർത്തു എന്ന് നീട്ടി വിളിച്ചാൽ പറന്നെത്തും. സാധാരണഗതിയിൽ കാക്കകൾ മനുഷ്യരോട് ഇണങ്ങാറിെല്ലങ്കിലും ഇവിടെ കാണാം കാക്കയുടെ മനുഷ്യസ്നേഹം.
തൂത്തിലേരി അടിമാറയിൽ ജോണായിക്ക് ആറുമാസം മുമ്പ് കമുകിൽനിന്നു രണ്ട് കാക്കക്കുഞ്ഞുങ്ങളെ വീണ് പരിക്കേറ്റ നിലയിൽ കിട്ടുകയായിരുന്നു. ഇതിൽ ഒരെണ്ണത്തിനെ പൂച്ച കൊണ്ടുപോയി. രണ്ടാമത്തേതിനെ വീട്ടുകാർ ഭക്ഷണംകൊടുത്ത് വളർത്തുകയായിരുന്നു. കാർത്തു എന്ന പേരും നൽകി.
ജോണായിയുടെ പേരമക്കൾക്കൊപ്പം കളിച്ചുവളർന്ന കാർത്തുവിന് ഇപ്പോൾ ആറുമാസം പ്രായമായി. കടകളിലും വീടുകളിലുമെല്ലാം സന്ദർശകനായി കാക്കയെത്തും. എല്ലാവരോടും ഇണങ്ങിയ കാർത്തുവിന് ഭക്ഷണം ചോദിച്ചു വാങ്ങാനും മടിയില്ല. സന്ധ്യയായാൽ വീട്ടുമുറ്റത്തെ മരത്തിലാണ് കാർത്തുവിെൻറ ഉറക്കം. സ്കൂട്ടർ, ബൈക്ക് എന്നിവ എവിടെയങ്കിലും നിർത്തിയിട്ടത് കണ്ടാൽ കാർത്തു കൊക്കുരുമി പറന്നെത്തും. പിന്നെ വാഹനത്തിൽനിന്നു ഇറങ്ങാൻ കൂട്ടാക്കില്ല.
തൂത്തിലേരി ഗ്രാമത്തിെൻറ കാർത്തു എന്ന കാക്കയുടെ വിശേഷണം കേട്ടറിഞ്ഞ് നിരവധി ആളുകൾ ഇവിടെയെത്തുന്നുണ്ട്. കാർത്തുവിന് ഒപ്പംനിന്ന് സെൽഫി എടുത്താണ് ഇവരുടെ മടക്കം. എന്തായാലും കാർത്തു എന്ന കാക്ക തൂത്തിലേരിക്കാരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.