പുൽപള്ളി: പാടിച്ചിറയിലെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം. കടുവയെയും മൂന്നു കുഞ്ഞുങ്ങളെയും പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വനപാലകർ തിരച്ചിൽ നടത്തി. പ്രദേശവാസികളിൽ ചിലരാണ് കടുവയെയും കുട്ടികളെയും കണ്ടത്. കടുവസാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മുതലാണ് വനപാലകർ തിരച്ചിൽ നടത്തിയത്. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട് വെട്ടിത്തെളിക്കാത്ത പറമ്പുകൾ കേന്ദ്രീകരിച്ചാണ് കടുവകൾ വിഹരിക്കുന്നതെന്നും പരാതിയുണ്ട്. കാട് മൂടിക്കിടക്കുന്ന തോട്ടങ്ങൾ റവന്യൂ വകുപ്പ് ഇടപെട്ട് ഉടൻ വെട്ടിത്തെളിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കടുവഭീതിമൂലം പ്രദേശവാസികൾ ആശങ്കയിലാണ്. കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ തോട്ടങ്ങളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്. സ്കൂൾ വിദ്യാർഥികളും ക്ഷീരകർഷകരുമെല്ലാം ഭീതിയിലാണ് കഴിയുന്നത്.
പുൽപള്ളി: പാടിച്ചിറയിലും പരിസരങ്ങളിലും ഭീതിവിതക്കുന്ന കടുവയെ നിരീക്ഷിക്കുന്നതിനായി കാമറ സ്ഥാപിക്കും. ചൊവ്വാഴ്ച വൈകീട്ട് ഗ്രാമപഞ്ചായത്ത് അധികൃതരുടെയും വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.
ബുധനാഴ്ച രാവിലെ കാമറ സ്ഥാപിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കടുവയെ കണ്ടെത്തിയ പാടിച്ചിറ-സീത മൗണ്ട് റോഡിലെ ചൂനാട്ട് കവലയിലാണ് കാമറ സ്ഥാപിക്കുക. കാമറയിൽ കടുവയുടെ സാമീപ്യം കണ്ടെത്തിയാൽ വരുംദിവസം കൂട് സ്ഥാപിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വിജയൻ, റേഞ്ച് ഓഫിസർ അബ്ദുൽ സമദ്, ഫോറസ്റ്റർ മണി കണ്ഠൻ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.