പുൽപള്ളി: പുൽപള്ളിയിലെ കാപ്പിക്കുന്നിലെയും പരിസര പ്രദേശത്തെയും കടുവ ഭീതിയൊഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മൂഴിമല, കാപ്പിക്കുന്ന്, താഴെ കാപ്പിൽ പ്രദേശങ്ങളിൽ കടുവയെ നാട്ടുകാർ കണ്ടിരുന്നു. ഇതോടെ പ്രദേശവാസികൾക്ക് തോട്ടങ്ങളിൽ പണിയെടുക്കാൻ പറ്റാത്ത സ്ഥിതിയായി. കടുവയെ നിരീക്ഷിക്കാനായി വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാപ്പിക്കുന്നിലിറങ്ങിയ കടുവയെ പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം താഴെക്കാപ്പ് ആദിവാസി കോളനിക്ക് സമീപം വയലിനോട് ചേർന്ന് കുറ്റിക്കാടിനുള്ളിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രദേശത്തുകൂടെ വാഹനങ്ങളിൽ പോകുന്നവരും കടുവയെ കണ്ടതായി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ മൂഴിമല കോക്കണ്ടം ജോസിന്റെ വീട്ടുമുറ്റത്തും കടുവ എത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാപ്പിക്കുന്ന് പയറ്റുകാലായിൽ ദിലീപിന്റെ വീടിന് സമീപം കടുവ റോഡിന് കുറുകെ കടക്കുന്നതും കണ്ടവരുണ്ട്.
ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് താഴെക്കാപ്പിലെ കുറ്റിക്കാടിനുള്ളിൽ കടുവയെ കണ്ടെത്തിയത്. സ്കൂൾ വിദ്യാർഥികളും ക്ഷീരകർഷകരും തൊഴിലുറപ്പ് ജോലിക്കു പോകുന്നവരും ഉൾപ്പെടെ ഭീതിയിലാണ്.
സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ വനാതിർത്തി പ്രദേശങ്ങളാണ് മുണ്ടക്കുറ്റിയും മൂഴിമലയും. കടുവയെ തുരത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവ ഭീതിയൊഴിവാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.