പുൽപള്ളി: പുൽപള്ളിയിൽ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവിനടുത്ത വെള്ളക്കെട്ടിലാണ് കടുവയെ വനപാലകരടക്കം കണ്ടത്. കടുവശല്യത്തിനെതിരെ പുൽപള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തും.
രാവിലെ ഏഴൂ മണിയോടെ മേത്രട്ടയിൽ സജിയുടെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ആദ്യം കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി തോട്ടത്തിൽ പരിശോധന നടത്തുന്നതിനിടെ ഇവരും കടുവയെ കാണുകയായിരുന്നു. കടുവക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലയാണിത്.
കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്ന താന്നിതെരുവിൽനിന്ന് അധികം ദൂരെയല്ലാത്ത സ്ഥലമാണിത്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് ആവശ്യം. പഴശ്ശിരാജ കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പരിസരത്തുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു.
നിരീക്ഷണ കാമറകളും ഇവിടെ വെച്ചിട്ടുണ്ട്. ശനിയാഴ്ച പുൽപള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുൽപള്ളി ഫോറസ്റ്റ് ഓഫിസിലേക്ക് ബഹുജന മാർച്ച് നടത്തും. രാവിലെ 10ന് മാർച്ച് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.