പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ കൊളവള്ളിയിൽ കണ്ടെത്തിയ കടുവയെ തുരത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ബുധനാഴ്ചയാണ് കടുവയെ മേഖലയിൽ ആദ്യമായി നാട്ടുകാർ കണ്ടത്. തോട്ടത്തിനുള്ളിൽ കഴിയുന്ന കടുവയെ കണ്ടെത്തി തുരത്താൻ വനപാലകരും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
സേവ്യംകൊല്ലിയിലായിരുന്നു കടുവയെ ആദ്യം കണ്ടത്. പിന്നീട് സീതാമൗണ്ട് പ്രദേശത്തും കടുവയെത്തി. രണ്ടു ദിവസമായി കൊളവള്ളിയിലെ ദേവാലയ പരിസരത്തുള്ള ചില തോട്ടങ്ങളിലാണ് കടുവ തങ്ങിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരച്ചിൽ രാത്രി വരെ തുടർന്നു. എന്നിട്ടും കടുവയെ തുരത്താൻ കഴിഞ്ഞിട്ടില്ല. രാവിലെ തിരച്ചിലിനിടെ നാട്ടുകാരിൽ ചിലർ കടുവയെ കണ്ടെത്തിയിരുന്നു.
ബഹളം കേട്ട് കടുവ ഇവിടെനിന്നു മറ്റെവിടേക്കോ മാറുകയും ചെയ്തു. കടുവാ സാന്നിധ്യം ഉറപ്പായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. കൃഷിയിടങ്ങളിൽ പണിക്കുപോകാൻ കർഷകർക്ക് പറ്റാത്ത അവസ്ഥയാണ്.
തൊഴിലുറപ്പ് പണികളും മറ്റും നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തെ സ്കൂളുകളും അടച്ചിട്ടു. വൈകീട്ടോടെ കടുവയെ നിരീക്ഷിക്കാനായി വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു.
രാത്രി പട്രോളിങ്ങും നടത്തുന്നുണ്ട്. കടുവ കർണാടക വനത്തിൽനിന്നാണ് ഇവിടെ എത്തിയിരിക്കുന്നത്. കൊളവള്ളിയിൽനിന്നു ഒരു കിലോമീറ്റർ അകലെയാണ് കർണാടക വനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.