പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ സുരഭിക്കവലയിൽ കടുവ ആടിനെ കൊന്നു. സുരഭിക്കവല പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സായ കറവയുള്ള ജമുനപ്യാരി ആടിനെയാണ് കടുവ കൊന്നത്. വീടിനടുത്തുള്ള കൂട്ടിൽനിന്നാണ് ചൊവ്വാഴ്ച രാത്രി ആടിനെ പിടികൂടിയത്. ശരീരഭാഗങ്ങൾ പൂർണമായും ഭക്ഷിച്ച നിലയിൽ തൊട്ടടുത്ത തോട്ടത്തിൽ ആടിനെ കണ്ടെത്തി. ആടിന്റെ തല ഒരു കിലോമീറ്റർ ദൂരെയുള്ള തോട്ടത്തിലാണ് കണ്ടത്. ഒരാഴ്ച മുമ്പ് താന്നിത്തെരുവ് വെള്ളക്കെട്ട് താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിലകപ്പെട്ടില്ല.
ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം തുടർക്കഥയായി മാറിയിരിക്കുകയാണ്. പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശങ്ങൾ രണ്ടു മാസത്തിലേറെയായി കടുവപ്പേടിയിലാണ്. പ്രതിഷേധം കനക്കുമ്പോഴും കടുവയെ പിടികൂടാൻ കഴിയുന്നില്ല. ഒന്നിലധികം കടുവകൾ മേഖലയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. പാടിച്ചിറയിലും പുൽപള്ളി താന്നിത്തെരുവിലും കൂട് സ്ഥാപിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു. കാമറയിൽ പോലും കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
നിലവിൽ സുരഭിക്കവല മേഖലയിൽ കണ്ട കടുവ കാടുമൂടിയ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് തങ്ങുന്നതെന്നാണ് അനുമാനം. ഇതുകാരണം തോട്ടങ്ങളിൽ കൃഷിപ്പണിക്കടക്കം പോകാൻ പറ്റാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.