പുൽപള്ളി: വിവിധ ജനവാസ കേന്ദ്രങ്ങളിലുള്ളവരെ ഭീതിയിലാഴ്ത്തി കടുവ ആക്രമണം തുടരുന്നു. ആടിക്കൊല്ലി പന്നപ്പുറത്ത് സുരേന്ദ്രന്റെ വീടിനോട് ചേർന്ന കൂട്ടിൽ നിന്നും മൂന്നു വയസ്സ് പ്രായമുള്ള ആടിനെ കടുവ പിടികൂടിക്കൊന്നു. വ്യാഴാഴ്ച പുലർച്ചെ ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കടുവ ആടിനെ കൊന്ന നിലയിൽ കാണുകയായിരുന്നു.
പ്രദേശത്ത് കഴിഞ്ഞ കുറേ നാളുകളായി കടുവയുടെ സാന്നിധ്യമുണ്ട്. ഒരാഴ്ചക്കിടെ ഏരിയപ്പള്ളി, ചേപ്പില എന്നിവിടങ്ങളിൽ നിന്ന് രണ്ടു പശുക്കുട്ടികളെ പിടികൂടി കൊന്നിരുന്നു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കടുവയെ പിടികൂടാൻ കഴിഞ്ഞ ദിവസം ചേപ്പിലയിൽ കാമറയും കൂടും സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച ആടിക്കൊല്ലിയിലും കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചു.
വ്യാഴാഴ്ച ആടിനെ കൊന്ന സ്ഥലത്തുനിന്നും 200 മീറ്റർ അകലെയായാണ് കൂട് സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നല്കി.
പ്രദേശത്ത് കൂടുതല്‍ വനം വകുപ്പുദ്യോഗസ്ഥരെത്തി പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട് മേഖലയിൽ കടുവ ആക്രമണങ്ങൾ വർധിക്കുന്നതിന്റെ ഭീതിയിലാണ് ജനങ്ങൾ. വ്യാഴാഴ്ചത്തെ സംഭവമുൾപ്പെടെ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നു കർഷകരുടെ വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.
തുടർച്ചയായ ദിവസങ്ങളിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇതോടെ പുൽപള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി, ചേപ്പില, ആടിക്കൊല്ലി, അൻപത്താറ്, ചീയമ്പം 73 പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിൽ കഴിയുകയാണ്. രണ്ടു പശുക്കിടാങ്ങളെയും ഒരു ആടിനെയുമാണ് കടുവ കൊന്നിരിക്കുന്നത്.
കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തേക്ക് കടുവയുടെ സാന്നിധ്യം പിന്നീടുണ്ടായില്ല. പുതിയയിടങ്ങളിലേക്ക് കടുവ മാറുകയും വളർത്തുമൃഗങ്ങളെ പിടികൂടുകയുമാണ് ചെയ്യുന്നത്.
മഴ ലഭിച്ചതിനെതുടർന്ന് കാർഷിക ജോലികൾ ചെയ്യേണ്ട സമയമാണിത്. ഈ സമയത്ത് കടുവയുടെ സാന്നിധ്യമുണ്ടായത് കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതിൽ നിന്നും കർഷകരെ അകറ്റുകയാണ്. ക്ഷീര കർഷകർ ഏറെ ഭയത്തോടെയാണ് പുലർച്ചെ പാൽ അളക്കുന്ന സെന്ററിലേക്ക് പോകുന്നത്. മേഖലയിലെ പല പ്രദേശങ്ങളും കാടുനിറഞ്ഞ നിലയിലാണ്.
ഇവിടങ്ങളിലാകാം പകൽ സമയങ്ങളിൽ കടുവ തങ്ങുന്നതെന്നും സംശയിക്കുന്നു. കടുവയെ മയക്കുവെടിച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.