പുൽപള്ളി: സുരഭിക്കവലയിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയെത്തി. പ്രദേശത്തെ വീടുകള്‍ക്ക് സമീപമാണ് ബുധനാഴ്ച കടുവയെത്തിയത്. രാവിലെ ആറോ കൊച്ചു വീട്ടില്‍ ഷാജിയുടെ വീടിന് സമീപത്താണ് കടുവയെ കണ്ടത്. ഇതോടെ പുൽപള്ളിക്കടുത്ത സുരഭിക്കവല കടുവ ഭീതിയിലായി. കഴിഞ്ഞ ഞായറാഴ്ചയും ഇവിടെ കടുവയെ കണ്ടിരുന്നു. മുള്ളൻകൊല്ലി പള്ളി പെരുന്നാൾ കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചിലരാണ് ആദ്യം കടുവയെ കണ്ടത്.
കടുവയെ നിരീക്ഷിക്കുന്നതിനായി വനപാലകർ സ്ഥലത്ത് തിരച്ചിൽ നടത്തി. ഇവിടെ നിന്നും ഏറെ അകലെ അല്ലാത്ത ചേപ്പിലയിലും കഴിഞ്ഞ ഞായറാഴ്ച രാത്രി കടുവയെ ചിലർ കണ്ടിരുന്നു. രണ്ടാഴ്ച മുമ്പ് പാടിച്ചിറ ചൂനാട്ട് കവലയിലും കടുവയേയും രണ്ട് കുഞ്ഞുങ്ങളെയും വാഹന യാത്രക്കിടെ ചിലർ കണ്ടു. ഇതേത്തുടർന്ന് വനപാലകർ എട്ടിടങ്ങളിലായി നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു കാമറയിൽ പോലും കടുവ സാന്നിധ്യം കണ്ടെത്തിയില്ല. ഇതിനുശേഷം ശശിമലയിൽ രണ്ടു കടുവക്കുഞ്ഞുങ്ങളെ കെ.എസ്.ഇ.ബി ജീവനക്കാർ കണ്ടു. ഒരേ കടുവ തന്നെയാകാം പ്രദേശങ്ങളിലെല്ലാം എത്തിയതെന്നും സംശയിക്കുന്നു. കാടുമൂടിയ തോട്ടങ്ങൾ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ധാരാളമായുണ്ട്. കാട് വെട്ടിത്തെളിക്കാത്തത് കാരണം ഇവിടങ്ങളിലേക്ക് കയറിച്ചെല്ലാൻ ആളുകൾക്ക് കഴിയുന്നില്ല .
കാർഷിക മേഖലയിൽ വിളവെടുപ്പ് സീസണാണിപ്പോൾ. കാപ്പിയും കുരുമുളകും എല്ലാം കർഷകർ പറിച്ചു കൊണ്ടിരിക്കുകയാണ്. കടുവ ഭീഷണി ഉണ്ടായതോടെ തോട്ടങ്ങളിലേക്ക് കയറാൻ കർഷകർ ഭയപ്പെടുന്നു.
ക്ഷീര കർഷകരും ദുരിതത്തിലാണ്. പുലർച്ച പാലുമായി സംഭരണ കേന്ദ്രങ്ങളിൽ നടന്നുവേണം എത്താൻ. കടുവ ഭീതിയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.