പുൽപള്ളി: പാടിച്ചിറയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കൃഷിയിടത്തിൽ കടുവ പിടികൂടി ഭക്ഷിച്ചിരുന്നു. ഇതേ സ്ഥലത്ത് വെള്ളിയാഴ്ച രാത്രിയും കടുവയെത്തി മൃതദേഹ അവശിഷ്ടങ്ങൾ ഭക്ഷിച്ചു.
ഇതേത്തുടർന്ന് കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചു. ഇവിടെ കൂട് സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയുടെ സാന്നിധ്യം വീണ്ടും ഉണ്ടായാൽ വരും ദിവസം കൂട് സ്ഥാപിക്കാനാണ് സാധ്യത. ആളുകൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
പുൽപള്ളി: മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കിയ കടുവഭീഷണി ഇല്ലാതാക്കുന്നതിന് ബന്ധപ്പെട്ടവർ കാണിക്കുന്ന ഉദാസീനതയിൽ പ്രതിഷേധിച്ച് 22ന് രാവിലെ പത്തിന് വണ്ടിക്കടവ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്താൻ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. സമരം ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. വിവിധ പ്രദേശങ്ങളിൽ നിരന്തരമായി കടുവകൾ പ്രത്യക്ഷപ്പെടുന്നതും വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. ഇക്കാര്യത്തിൽ വിവരം അറിയിക്കുമ്പോൾ വനംവകുപ്പ് അധികൃതർ കടമ നിർവഹിക്കാനെന്നപോലെ തിരച്ചിൽ നടത്തി മടങ്ങുകയാണ് ചെയ്യുന്നത്. വലിയ സംഘത്തെ നിയമിച്ച് മേഖല മൊത്തമായി തിരച്ചിൽ നടത്തി തുരത്തൽ നടപടി സ്വീകരിക്കണം. കാടും നാടും വേർതിരിക്കുന്ന അതിർത്തികളിൽ മുഴുസമയ പട്രോളിങ്ങും വനത്തിനു പുറത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു. പ്രസിഡൻറ് ഷിനോയി കടുപ്പിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.