പുൽപള്ളി: മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പന്മാരും സംഘവും കാടിറങ്ങി. താരരാജാവിനെ കാണാൻ പുൽപള്ളിയിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഇവരെത്തിയത്.
മുപ്പതോളം കുടുംബാംഗങ്ങൾക്ക് മമ്മൂട്ടി വസ്ത്രങ്ങൾ കൈമാറി. കേരള -കർണാടക അതിർത്തിയിലെ ഉൾക്കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പന്മാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ആദിവാസി സഹോദരങ്ങൾ മമ്മൂട്ടിയെ കാണാൻ എത്തിയത്. കോളനിയിലെ 28ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മമ്മൂട്ടി, മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്.
അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ നൽകിയത്. നിർദേശപ്രകാരം ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിലുമെത്തി കോളനി നിവാസികൾക്ക് വസ്ത്രങ്ങൾ നൽകുകയും ചെയ്തു.
ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ ഡി.എഫ്.ഒ സജ്ന, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ സമദ്, കെയർ ആൻഡ് ഷെയർ പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, മറ്റു ഫോറസ്റ്റ് അധികൃതരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.