പുൽപള്ളി: റിട്ട. സൈനികർ കുട്ടികൾക്കായി കായിക പരിശീലനം നൽകുന്നത് ശ്രദ്ധേയമാകുന്നു. റിട്ട. ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ പുൽപ്പള്ളി ചങ്ങനാമഠത്തിൽ സജി, സി.ആർ.പി.എഫിൽനിന്നും വിരമിച്ച ജോസ് പ്രകാശ് എന്നിവരാണ് മുപ്പതിൽപരം കുട്ടികൾക്ക് സൗജന്യമായി അത്ലറ്റിക്സിൽ പരിശീലനം നൽകുന്നത്. കുട്ടികളിൽ ചെറുപ്പത്തിലേ കായിക അവബോധം ഉണ്ടാക്കുക, കായിക ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായാണ് ഇവർ കഴിഞ്ഞ ആറുവർഷമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
പുൽപള്ളി സ്പോർട്സ് അക്കാദമിക്ക് കീഴിലാണ് ഇവർ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പുൽപള്ളി എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ രാവിലെ ഏഴു മുതൽ 9.30 വരെയാണ് കുട്ടികൾക്കായി ഇവർ പരിശീലനം നൽകുന്നത്. എല്ലാ വർഷവും വെക്കേഷൻ സമയത്താണ് പരിശീലനം.
സ്കൂളുകൾ തുറക്കുമ്പോൾ അവധി ദിനങ്ങളിലും പരിശീലനം നൽകാനായി ഇവർ രംഗത്തുണ്ട്. ഇതിനകം ഇവരുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നിരവധി കുട്ടികൾ സംസ്ഥാന മേളകളിലടക്കം തിളക്കമാർന്ന വിജയം കൈവരിച്ചിട്ടുണ്ട്. പ്രധാന കായിക മത്സര വേദികളിലെല്ലാം ഇവരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.