പുൽപള്ളി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുള്ളൻകൊല്ലിയിൽ മാലിന്യ നിർമാർജനത്തിനായുള്ള എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) പ്ലാന്റ് നിർമാണം തുടങ്ങി. മരക്കടവിൽ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ഭൂമിയിലാണ് പ്ലാന്റ് നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
20 വർഷം മുമ്പ് മാലിന്യ നിർമാർജനത്തിനായി മുള്ളൻകൊല്ലി പഞ്ചായത്ത് മരക്കടവിൽ ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മാലിന്യപ്ലാന്റ് നിർമിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, നാട്ടുകാരുമായി സമീപകാലത്ത് ഗ്രാമപഞ്ചായത്ത് അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്ലാന്റ് ഇവിടെ സ്ഥാപിക്കാൻ തീരുമാനമായത്. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഉണ്ടാകില്ലെന്നാണ് നൽകിയ ഉറപ്പ്. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമാണ് ഇവിടം.
ആദ്യഘട്ടമായി പാറകൾ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടന്നത്. 75 ലക്ഷം രൂപ ചെലവിലാണ് എം.സി.എഫ് പ്ലാന്റ് നിർമിക്കുന്നത്. ഓഫിസ് കെട്ടിടം, വിശ്രമകേന്ദ്രം, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുക. ഡിസംബർ അവസാനത്തോടെ ഇതിന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.