പുൽപള്ളി: പുൽപള്ളി നാളിതുവരെ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ശനിയാഴ്ച ഉണ്ടായത്. മേഖലയിലെ ഇടവകാംഗങ്ങളുടെ പ്രതിഷേധ റാലി എന്ന നിലയിലായിരുന്നു സമരത്തിന്റെ തുടക്കം. എന്നാൽ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം രാവിലെ ബസ് സ്റ്റാൻഡിൽ എത്തിയതോടെ പ്രതിഷേധത്തിന്റെ രൂപം മാറുകയായിരുന്നു.
ജനപ്രതിനിധികളും വൈദികരുമടക്കം പ്രതിഷേധം സമാധാനപരമാക്കാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർ ഇവരുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. ശക്തമായ പ്രതിഷേധം പുൽപള്ളിയിൽ നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒഴുകിയെത്തി. ഇതോടെ പൊലീസുകാർക്കും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പൊലീസിനുനേരെയും പലതവണ പ്രതിഷേധം ഉയർന്നു. ഇതോടെ എ.ആർ ക്യാമ്പിൽ നിന്നുള്ള കൂടുതൽ സേനയെ വിളിച്ചുവരുത്തി.
എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ് എന്നിവർക്കുനേരെ പ്രതിഷേധം കനത്തതോടെ പൊലീസ് ഇടപെടാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. അക്രമാസക്തമായ ജനക്കൂട്ടം ജനപ്രതിനിധികൾ അടക്കമുള്ളവരെ ദൂരേക്ക് തള്ളിമാറ്റി. ഇതിനിടെ, കുപ്പികളും കസേരയുമെല്ലാം നാട്ടുകാർ പൊലീസിനുനേരെ എറിഞ്ഞു. ഇതോടെയാണ് ലാത്തിച്ചാർജ് വേണ്ടിവന്നത്. ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. അക്രമസംഭവങ്ങളെത്തുടർന്ന് എം.എൽ.എമാർ അടക്കമുള്ളവർ തുടർകാര്യങ്ങളിൽ പങ്കെടുത്തില്ല. ഏതെങ്കിലും സംഘടനകളുടെ നേതൃത്വത്തിലായിരുന്നില്ല പ്രതിഷേധം. ആൾക്കൂട്ടത്തിന്റെ വികാരം പ്രതിഷേധമായി അലയടിക്കുകയായിരുന്നു.
ഇതിനുമുമ്പ് പുൽപള്ളിയിൽ ജനകീയ സമരങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇത്രയധികം ആളുകൾ ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല. ജനപ്രതിനിധികൾ എന്ന നിലയിലാണ് തങ്ങൾ ചർച്ചയിൽ പങ്കെടുത്തത്. എന്നാൽ, സർക്കാർ ഭാഗത്തുനിന്ന് ഉത്തരവാദപ്പെട്ട ജില്ല കലക്ടർ അടക്കമുള്ളവർ വരാത്തത് വീഴ്ചയാണ്. വനംവകുപ്പ് വയനാടൻ ജനതയെ കുരുതിക്ക് കൊടുക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും എം.എൽ.എമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൂക്കിവിളിച്ചും അലറിയടുത്തും ജനം
പുൽപള്ളി: കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപള്ളിയിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ ടൗണിലെത്തിയ വനംവകുപ്പ് ജീപ്പിനുനേരെ തിരിഞ്ഞു. കൂക്കിവിളിച്ചും അലറിയടുത്തും ജനം കൂട്ടത്തോടെ ജീപ്പിന് അടുത്തത്തെത്തിയപ്പോഴേക്കും പൊലീസ്, ജീപ്പിനുചുറ്റും സുരക്ഷിത വലയം തീർത്തു.
പ്രതിഷേധക്കാർ നാലു ടയറിന്റെയും കാറ്റഴിച്ചുവിട്ടു. വാഹനത്തിന്റെ റൂഫ് വലിച്ചുകീറി. ജീപ്പിനുള്ളിലുള്ളവരെ പുറത്തിറക്കാൻ അനുവദിച്ചില്ല. അതിനിടെ, ജീപ്പിന് മുകളിൽ റീത്തും വെച്ചു. ഇതിനിടയിൽ വെള്ളിയാഴ്ച രാത്രി കടുവ കൊന്ന കാളയുടെ ജഡവുമായി എത്തിയവർ ജീപ്പിനു മുകളിൽ ഇതിനെ കെട്ടിവെച്ചു.
പുല്പള്ളി: മുഖ്യമന്ത്രി അടിയന്തരമായി വയനാട്ടിലെത്തണമെന്നും വനംമന്ത്രിയെ എത്രയും വേഗം തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും ആവശ്യപ്പെട്ടു. പുല്പള്ളിയില് ഉദ്യോഗസ്ഥര്‍ നേരത്തേ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. സര്‍ക്കാറാണ് ജില്ല കലക്ടറോട് അവിടേക്ക് പോകരുതെന്ന് നിര്‍ദേശിച്ചത്. ഇതാണ് പ്രശ്നം ഇത്രയേറെ വഷളാകാന്‍ കാരണം. കോഴിക്കോട് ജില്ലയിലുണ്ടായിട്ടും മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പോളിന്റെ മൃതദേഹം കാണാനോ അവിടെ സന്ദര്‍ശിക്കാനോ വനംമന്ത്രി എ.കെ. ശശീന്ദ്രന് തയാറായിട്ടില്ല.
ഇത് ഖേദകരമായ സംഭവമാണ്. ഒരുപാട് ചര്‍ച്ചകളും തീരുമാനങ്ങളുമെടുത്തെങ്കിലും അതൊന്നും നടപ്പാക്കാന്‍ ആവശ്യമായ നടപടികളുണ്ടാകുന്നില്ല. ഇതാണ് വീണ്ടും വീണ്ടും വന്യമൃഗശല്യം രൂക്ഷമാകാനും മനുഷ്യജീവന് നഷ്ടമാക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതും. അതിഗുരുതര സാഹചര്യത്തിലൂടെയാണ് വയനാട് കടന്നുപോകുന്നത്. എന്നാല്‍, ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാറും വനംവകുപ്പും വളരെ ലാഘവത്തോടെയാണ് പ്രശ്നങ്ങളെ നോക്കിക്കാണുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
പുൽപള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരങ്ങളെത്തി. മൃതദേഹം പാക്കത്തെ വസതിയിൽ എത്തിയപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങളുടെ ഒഴുക്കായിരുന്നു. പുൽപള്ളിയിൽ പ്രതിഷേധത്തിനുശേഷം രണ്ട് മണിയോടെയാണ് മൃതദേഹം പാക്കത്തെ വസതിയിലേക്ക് കൊണ്ടുവന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പാക്കത്തേക്ക് കൊണ്ടുവരുമെന്നായിരുന്നു ആദ്യം അറിയിപ്പ് ഉണ്ടായിരുന്നത്. എന്നാൽ, രാവിലെ 9.30ഓടെ മൃതദേഹം പുൽപള്ളിയിൽ ടൗണിൽ എത്തിക്കുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷമാണ് പ്രതിഷേധക്കാർ മൃതദേഹവുമായുള്ള ആംബുലൻസ് വിട്ടുനൽകാൻ തയാറായത്.
രാവിലെ മുതൽ ആളുകൾ പോളിന്റെ മൃതദേഹം ഒരുനോക്ക് കാണാനായി എത്തിയിരുന്നു. ഉച്ചയോടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശുശ്രൂഷക്കുശേഷം വൈകീട്ട് 4.30ഓടെയാണ് മൃതദേഹം പുൽപള്ളിയിലെ സെൻറ് ജോർജ് സിംഹാസന പള്ളിയിൽ എത്തിച്ചത്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇവിടെയും നിരവധി പേർ എത്തി.
ആംബുലൻസ് പാക്കത്തും തടഞ്ഞു
പുൽപള്ളി: പോളിന്റെ മൃതദേഹവുമായി എത്തിയ ആംബുലൻസ് പാക്കത്തും പ്രതിഷേധക്കാർ തടഞ്ഞു. പോളിന്റെ കുടുംബത്തിന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് രേഖാമൂലം എഴുതിനൽകണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ ആവശ്യം ആദ്യം അംഗീകരിക്കാൻ എ.ഡി.എം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സമ്മതിക്കാത്തതിനെത്തുടർന്ന് നാട്ടുകാർ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കാൻ അനുവദിച്ചില്ല.
ഇതോടൊപ്പം എ.ഡി.എം ദേവകിയെയും അരമണിക്കൂറോളം തടഞ്ഞുവെച്ചു. ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ നൽകുമെന്നായിരുന്നു ഇവർ പറഞ്ഞത്. ഇത് നാട്ടുകാർ അംഗീകരിച്ചില്ല. ഇതേത്തുടർന്നാണ് പ്രതിഷേധം ഉണ്ടായത്.
പിന്നീട് നടന്ന ചർച്ചയിൽ 10 ലക്ഷം രൂപ ആദ്യ ഗഡുവായി ശനിയാഴ്ച തന്നെ കൈമാറുമെന്നും ഉറപ്പ് ലഭിച്ചു. ആശ്രിത ജോലിയും ഉറപ്പുനൽകി. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധത്തിൽനിന്ന് പിന്മാറിയത്. ഇതിനുശേഷമാണ് മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കി വീട്ടിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.