പുൽപള്ളി: പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് തുറന്നതോടെ വീണ്ടും സന്ദർശകരുടെ ഒഴുക്ക്. ഒരാഴ്ച മുമ്പാണ് ദ്വീപ് തുറന്നത്. എന്നാൽ, ശക്തമായ മഴ കാരണം ഏതാനും ദിവസം ദ്വീപ് അടച്ചിട്ടു. വീണ്ടും കഴിഞ്ഞ ദിവസമാണ് തുറന്നത്.
ഒഴിവ് ദിവസങ്ങളിൽ സന്ദർശകരുടെ തിരക്കാണ് ദ്വീപിൽ. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം. ദ്വീപിലെ പ്രധാന ആകർഷണം ചങ്ങാടയാത്രയാണ്. വനംവകുപ്പിെൻറയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ ചങ്ങാട സർവിസ് ഒരുക്കിയിട്ടുണ്ട്.
ദ്വീപ് ഉൾവശം കാണാൻ ചങ്ങാട സവാരി കഴിഞ്ഞുവേണം എത്താൻ. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശകരെ അനുവദിക്കുന്നത്. കുറുവയുടെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാൻ വിദേശികളടക്കം ഇപ്പോൾ എത്തുന്നുണ്ട്.
കുറുവദ്വീപ് കബനിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആൾപാർപ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് കൂടിയാണ് കുറുവ. 950 ഏക്കറോളം സ്ഥലത്താണ് ദ്വീപ് പടർന്നുകിടക്കുന്നത്. 1100 പേർക്കാണ് ഇപ്പോൾ ദ്വീപിനുള്ളിലേക്ക് പ്രവേശനം. കുളിർമയുള്ള കാലാവസ്ഥ തന്നെയാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധച്ചെടികളും സസ്യങ്ങളും ധാരാളമായുണ്ട്. 150തോളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. എന്നാൽ, ഇതിൽ മൂന്ന് ദ്വീപുകളിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികൾ ദ്വീപിെൻറ പ്രത്യേകതയാണ്.
പ്രകൃതിപഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനുമെല്ലാം പര്യാപ്തമായ സ്ഥലമാണ് ഇവിടം.പുൽപള്ളി വഴി എത്തുന്നവർക്ക് പാക്കം വഴിയും മാനന്തവാടി ഭാഗത്തുനിന്ന് എത്തുന്നവർക്ക് പാൽവെളിച്ചം വഴിയും ദ്വീപിനുള്ളിൽ പ്രവേശിക്കാം. ഒരേസമയം 100 പേർക്ക് മാത്രമാണ് പ്രവേശനം. കൂട്ടംകൂടുന്നതും കോവിഡ് രോഗവ്യാപനം തടയുന്നതിനുമായി ദ്വീപിനകത്ത് ഗൈഡുമാരെ നിയോഗിച്ചിട്ടുണ്ട്.വനസംരക്ഷണ സമിതി പ്രവർത്തകർക്കാണ് കുറുവ ദ്വീപിെൻറ സംരക്ഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.