പുൽപള്ളി: പാടശേഖരങ്ങളിൽ നിർമിച്ച ഏറുമാടങ്ങളിൽ ഉറക്കമില്ലാതെ കർഷകർ. രൂക്ഷമായ കാട്ടാനശല്യത്തിൽ നിന്ന് രക്ഷനേടാനാണ് കർഷകർ ഏറുമാടങ്ങൾ കെട്ടിയത്. ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിലെല്ലാം ഏറുമാടങ്ങൾ ഇന്ന് കാഴ്ചയാണ്. മുമ്പെല്ലാം വനാതിർത്തി ഗ്രാമങ്ങളിൽ മാത്രമായിരുന്നു കാട്ടാനകളുടെ ശല്യമെങ്കിൽ ഇപ്പോൾ ജനവാസകേന്ദ്രങ്ങളിൽ പോലും ആനയിറങ്ങുന്നത് പതിവാണ്.
വായ്പയെടുത്തും മറ്റുമാണ് കർഷകർ കൃഷിയിറക്കുന്നത്. ഇതിനിടയിലാണ് വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്. കൃഷി സംരക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്. നെൽകൃഷി ഇറക്കിയ കർഷകരാണ് ഇപ്പോൾ ഏറുമാടങ്ങൾ കെട്ടി ആനയെ തുരത്താൻ നിൽക്കുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി, തിരുനെല്ലി, പൂതാടി, നൂൽപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ആനശല്യം വർദ്ധിച്ചിട്ടുണ്ട്. സന്ധ്യമയങ്ങുന്നതോടെ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ കൃഷിയിടങ്ങളിൽ കാവൽപുരകൾ നിർമിച്ച് ഉറക്കമിളച്ച് കഴിയുകയാണ് കർഷകർ. പണ്ട് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചുമെല്ലാം ആനയെ തുരത്താൻ കഴിയുമായിരുന്നു. എന്നാൽ, ഇപ്പോൾ ഇതുക്കൊണ്ടൊന്നും കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്. വനാതിർത്തികളിൽ സ്ഥാപിച്ച വന്യജീവി പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് കാട്ടാനകൾ നാട്ടിലേക്കിറങ്ങാൻ പ്രധാന കാരണം. കൊയ്ത്ത് കഴിയും വരെ ഇനി കാവലിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.