പുൽപള്ളി: കുറുവ ദ്വീപിനടുത്തുള്ള ചെറിയമല പാടശേഖരത്തോട് ചേർന്ന വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തത് വന്യജീവിശല്യം വർധിക്കുന്നതിന് ഇടയാക്കുന്നു. ചെറിയമലയിൽ കൃഷിയിറക്കിയ കർഷകർ ആനശല്യത്താൽ ദുരിതം അനുഭവിക്കുകയാണ്.
കുറുവ ദ്വീപിനോട് ചേർന്ന പ്രദേശമാണ് ചെറിയമല പാടശേഖരം. ഗോത്ര വിഭാഗക്കാരായ കർഷകരാണ് ഇവിടെ കൃഷിയിറക്കിയതിൽ ഭൂരിഭാഗവും. ഞാറു നട്ടതിനുശേഷം പലതവണ കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി നാശംവിതച്ചു. ഇവിടെ ഫെൻസിങ് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. തൂക്ക് ഫെൻസിങ് ആരംഭിച്ചാൽ മാത്രമേ വിജയപ്രദമാകുകയുള്ളൂ.
ഈ ആവശ്യം ഉന്നയിച്ച് പലതവണ പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകിയിട്ടും തീരുമാനം ഉണ്ടായിട്ടില്ല. ഏറെ നഷ്ടങ്ങൾ സഹിച്ചാണ് കർഷകർ നെൽകൃഷിയിൽ വ്യാപൃതരായത്. എന്നാൽ, വന്യജീവിശല്യം കാരണം കൃഷി സംരക്ഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.
പുൽപള്ളി: ദാസനക്കര വിക്കലത്ത് കൃഷിയിടത്തിൽ കാട്ടുകൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നമംഗലം താമരക്കുളം രാജേഷിന്റെ തോട്ടത്തിലാണ് 15 വയസ്സ് തോന്നിക്കുന്ന കാട്ടാന ചെരിഞ്ഞത്. സമീപത്തുള്ള തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടതാണ് ഷോക്കേൽക്കാൻ കാരണം. പാതിരി റിസർവിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം.
തിങ്കളാഴ്ച പുലർച്ചയാണ് കൃഷിയിടത്തിൽ ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചെതലയത്ത് റേഞ്ച് ഓഫിസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ അധികൃതർ തുടർനടപടി സ്വീകരിച്ചു. വൈകീട്ട് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി.
കല്പറ്റ: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം ലക്ഷ്യമിട്ട് സൗത്ത്, നോര്‍ത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസുകള്‍ സംയുക്തമായി 88 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. ജില്ല വികസന സമിതി യോഗത്തില്‍ വനം ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് വിവരം.
വനമേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ട്, ഹോംസ്റ്റേ നടത്തിപ്പുകാര്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ഡിജെ പാര്‍ട്ടി, ലൈറ്റിങ്, രാത്രി വനയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടൂറിസം ഓപറേറ്റര്‍മാരുടെ യോഗം ഉടൻ വിളിക്കാന്‍ മന്ത്രി ഒ.ആര്. കേളു ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീക്ക് നിര്‍ദേശം നല്കി. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് മന്ത്രി അറിയിച്ചു. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനം പ്രാദേശിക നിര്‍വഹണ സമിതിയും കോഓഡിനേഷന്‍ കമ്മിറ്റിയും പരിശോധിക്കും. ജില്ലയില്‍ 56 സാമൂഹിക പഠനമുറികള്‍ ശാക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
കൊഴിഞ്ഞുപോക്ക് കൂടുതലുള്ള സ്കൂളുകളില്‍ ഊരുകൂട്ടം വളന്റിയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത 30 മീറ്റര്‍ വീതിയില്‍ നാലുവരിയാക്കുന്നതിന് ഡി.പി.ആര് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ജനങ്ങള്‍ക്കുതന്നെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 262 മഴമാപിനികള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലയിലെ 200 സ്കൂളുകളിലും മഴമാപിനി സ്ഥാപിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചതായി അവര്‍ അറിയിച്ചു. അമ്പുകുത്തിമലയിലും മേപ്പാടി പഞ്ചായത്തിലും നടന്ന അനധികൃത നിര്‍മാണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കലക്ടര്‍ക്ക് യോഗം നിര്‍ദേശം നല്കി.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ വീട്ടുനമ്പര്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന, തദ്ദേശ ഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15നകം സ്പെഷല്‍ ഡ്രൈവ് നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം കെ. ദേവകി, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഗൗതം രാജ്, ജില്ല പ്ലാനിങ് ഓഫിസര്‍ എം. പ്രസാദന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.