പുൽപള്ളി: പുൽപള്ളി മൂഴിമലയിൽ കാട്ടാനയുടെ താണ്ഡവം. വനംവകുപ്പിന് നിസ്സംഗത. മൂഴിമലയിൽ രണ്ട് മാസമായി കൃഷിയിടങ്ങളിൽ വൻനാശം വരുത്തിയിരുന്ന കാട്ടാനകൾ കഴിഞ്ഞ ദിവസങ്ങളിൽ വീടുകളും ആക്രമിക്കാൻ തുടങ്ങി. വൈകീട്ട് വീടുകളുടെ മുറ്റത്തെത്തുന്ന ഇവ വലിയ ഭീതിയാണ് നാട്ടിലുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തെക്കേ പറമ്പിൽ തോമസിന്റെ വീട്ടുമുറ്റത്തെത്തിയ ആന വീടിന്റെ ഗേറ്റ് തകർത്തു.
ചുറ്റുവട്ടങ്ങളിലെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. ദിവസങ്ങൾക്ക് മുമ്പ് മങ്ങാട്ടുമേരിയുടെ വീടിന്റെ മുൻ വശത്തെ ഗേറ്റ് കാട്ടാന തകർത്തിരുന്നു. മൂഴിമല പുതിയിടം ആദിവാസി കോളനിയുടെ വീട്ടുമുറ്റത്തെത്തിയ ആന വീടിനോട് ചേർന്ന തെങ്ങുകൾ നശിപ്പിച്ചു. വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ജോസ് പുതുശ്ശേരി, ജോണി വേങ്ങക്കൽ, ഷാജി പുത്തൻപുരക്കൽ, തങ്കച്ചൻ ചാരുവേലിൽ, വക്കച്ചൻ പൂത്തനാംതടം, ജോസ് ചാരുവേലിൽ, ജയേഷ് പുതിയിടം, പൈലി ചാരുവേലിൽ, ആൻറണി കൊട്ടുകാപ്പുള്ളി, ജോസഫ് ആണ്ടുവീട്ടിൽ, ജോസ് വേട്ടക്കുന്നേൽ, സുശീല തെങ്ങനാണോളത്ത്, ചിന്നമ്മ ഓമക്കര തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും ആനക്കൂട്ടം വൻ നാശമാണ് ഉണ്ടാക്കിയത്. വനാതിർത്തിയിലെ വേലിയും കിടങ്ങും ഉപയോഗപ്രദമല്ലാത്ത നിലയിലാണ്.
സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകൾ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്നു. മതിയായ നഷ്ട പരിഹാരവും കർഷകർക്ക് ലഭിക്കുന്നില്ല. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.