പുൽപള്ളി: പോളിന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കും. പോളിന്റെ മരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുൽപള്ളിയിൽ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ചർച്ചയുടെ ആവശ്യമായി ഉയർന്നുവന്ന 50 ലക്ഷം രൂപയിൽ ബാക്കി വരുന്ന 40 ലക്ഷം രൂപ പോളിന്റെ കുടുംബത്തിന് അനുവദിക്കുന്ന കാര്യത്തിൽ സർക്കാറിലേക്ക് ശിപാർശ ചെയ്യും. എം.എൽ.എമാരും ജനപ്രതിനിധികളും അത് സർക്കാറിൽനിന്ന് ലഭിക്കുന്നതിനായി പ്രയത്നിക്കും. മകളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനം മന്ത്രി അറിയിച്ചിട്ടുണ്ട്.
പോളിന്റെ ഭാര്യക്ക് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകും. സ്ഥിരം ജോലി ലഭിക്കുന്നതിന് അപേക്ഷ ലഭിച്ചയുടനെ സർക്കാറിലേക്ക് നൽകും. കുടുംബത്തിന് കടബാധ്യതയുണ്ടെങ്കിൽ അത് എഴുതിത്തള്ളുന്ന ആവശ്യത്തിന് ജില്ല ഭരണകൂടം മുൻകൈ എടുത്ത് സർക്കാർ തലത്തിൽ അനുകൂല പരിഗണന നൽകും. പ്രശ്നക്കാരനായ ആനയെ നിരീക്ഷിക്കുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കും.
വനം വകുപ്പിലെ ഇക്കോ ടൂറിസം ഗൈഡ് എന്ന രീതിയിൽ പോളിന്റെ കുടുംബത്തിന് എല്ലാം സഹായവും വനംവകുപ്പ് ചെയ്യും. എന്തെങ്കിലും ഇൻഷുറൻസ് ലഭ്യമാകുകയാണെങ്കിൽ അതിനുള്ള സാധ്യത ഉപയോഗപ്പെടുത്തും. പുൽപള്ളി പ്രദേശത്തെ കടുവയുടെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കും. യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ യോഗ തീരുമാനമായി സർക്കാറിലേക്ക് അറിയിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.