പുൽപള്ളി: ചേകാടി വനപാത വീതികൂട്ടി ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. പുൽപള്ളി മേഖലയിലുള്ളവർക്കടക്കം വേഗത്തിൽ കർണാടകയിൽ എത്തിപ്പെടാൻ കഴിയുന്ന പുൽപള്ളി-ചേകാടി-ബാവലി റോഡ് ബദൽ പാതയായി അംഗീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുകയാണ്.
10 വർഷം മുമ്പ് ചേകാടി പാലം യാഥാർഥ്യമായി. എന്നാൽ, ഇതിെൻറ ഉദ്ഘാടനം പോലും ഇതുവരെ നടത്തിയിട്ടില്ല. വളരെ വേഗത്തിൽ പുൽപള്ളിയിൽനിന്ന് കർണാടകയിലേക്കും മാനന്തവാടി-കാട്ടിക്കുളം ഭാഗങ്ങളിലേക്കും എത്തിപ്പെടാൻ കഴിയുന്ന റൂട്ടാണിത്.
നിലവിൽ പുൽപള്ളിയിൽനിന്ന് ചേകാടി വഴി മൈസൂരുവിലേക്ക് 100 കിലോമീറ്ററിൽ താഴെ മാത്രമേ ദൂരമുള്ളൂ. ബാവലിയിൽനിന്ന് രണ്ട് വഴികളിലൂടെ കർണാടകയിലേക്ക് എത്താം; ബാവലി-മൈസൂരു പാതയിലൂടെയും ബാവലി-കാട്ടിക്കുളം-കുട്ട വഴിയും. ഇതിൽ ബാവലി-മൈസൂരു പാത വൈകീട്ട് ആറുമണിക്ക് രാത്രിയാത്ര നിരോധനത്തിെൻറ ഭാഗമായി അടക്കും.
എന്നാൽ, കുട്ട വഴിയുള്ള റോഡ് 24 മണിക്കൂറും സഞ്ചരിക്കാം. നിലവിൽ ഉദയക്കര മുതൽ ചേകാടി വരെയുള്ള രണ്ട് കിലോമീറ്ററോളം ഭാഗത്ത് 25ഓളം മരങ്ങൾ റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണുള്ളത്. ഇവ മുറിച്ചുനീക്കിയാൽ റോഡ് വീതികൂട്ടാം.
വനപാത നല്ലൊരു ഭാഗവും തേക്ക് പ്ലാേൻറഷനിലുള്ളിലൂടെയാണ് കടന്നുപോകുന്നത്. സംരക്ഷിത വനം കുറഞ്ഞ ദൂരത്ത് മാത്രമാണ് ഉള്ളത്. അധികൃതരുടെ ശക്തമായ ഇടപെടലുകളുണ്ടായാൽ ഈ വഴി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കർണാടകയിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് അടക്കം സന്ദർശിക്കാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.
ഇവരെല്ലാം ഏറെ ദൂരം സഞ്ചരിച്ച് മറ്റ് വഴികളിലൂടെയാണ് കുറുവ ദ്വീപിൽ എത്തുന്നത്. റോഡ് യാഥാർഥ്യമാക്കിയാൽ കുറുവ ദ്വീപിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും കഴിയും. ഇതിനുപുറമെ പുൽപള്ളിയുടെ വികസനത്തിനും റോഡ് വഴിതെളിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുൽപള്ളിയിൽനിന്ന് ചേകാടിയിലേക്കുള്ള വനപാതയിലെ ഗതാഗതത്തിന് തടസ്സമായ മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് പുൽപള്ളി വികസന സമിതി നേതൃത്വത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. കെ.എസ്.ആർ.ടി.സി ബസ് അടക്കം ഈ വഴി സർവിസ് നടത്തുന്നുണ്ടെങ്കിലും വീതി കുറഞ്ഞ റോഡിലൂടെ യാത്ര ദുഷ്കരമാണ്.
നിരവധി മരങ്ങൾ വീഴാൻ പാകത്തിന് പാതവക്കിലുണ്ട്. ചെയർമാൻ ജോസ് നെല്ലേടം, കൺവീനർ ഇ.കെ. ജോയി, ട്രഷറർ ഉലഹന്നാൻ നീറന്താനം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.