പുല്പള്ളി: മുള്ളന്‍കൊല്ലി പാളക്കൊല്ലിയില്‍ മൂന്ന് ഏക്കറോളം വിശാലമായ ഇഞ്ചിപ്പാടം വയനാട്ടിലെ വേറിട്ട കൃഷിരീതിയുടെ മാതൃകയാവുന്നു. കുടക് മാതൃകയിൽ ഇഞ്ചികൃഷി വയനാട്ടിലുമാകാം എന്ന് തെളിയിക്കുകയാണ് പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജനും സുഹൃത്ത് സുജിത് കൊട്ടാരവും. സ്ഥലമൊന്നാകെ ഇളക്കിമറിച്ച് രണ്ടരയടി പൊക്കത്തില്‍ ബെഡൊരുക്കിയാണ് ഇവിടെ കൃഷി. വളരെ താഴ്ത്തിയാണ് ചാലുകള്‍ കീറിയിരിക്കുന്നത്. വയനാട്ടില്‍ പൊതുവേ കണ്ടുവരുന്ന ചീച്ചില്‍ രോഗം ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ പൊക്കത്തില്‍ ബെഡൊരുക്കി കൃഷി ചെയ്യുന്നതെന്ന് ഷെല്ജന് പറയുന്നു. മഴ കൂടുതല്‍ ലഭിക്കുന്ന സ്ഥലമായതിനാല്‍ കേടുവരാനുള്ള സാധ്യത ജില്ലയില്‍ കൂടുതലാണ്. എന്നാല്‍, ഇതിനെ മറികടക്കാന്‍ വേറിട്ട കൃഷിരീതികൊണ്ട് സാധിക്കുമെന്ന് തെളിയിക്കുകയാണ് ഷെല്‍ജനും സുഹൃത്തും.
കുടിയേറ്റ മേഖലയില്‍ പതിനഞ്ചാം വയസ്സുമുതല്‍ തന്നെ കൃഷി ചെയ്തത് ഷെല്ജന് നല്ല ഓർമയുണ്ട്. പിന്നീട് വീരാജ്പേട്ട, മടിക്കേരി, എച്ച്.ഡി കോട്ട, ഹാസന്, തലക്കാട് എന്നിങ്ങനെ കര്‍ണാടകയിലെ ഒട്ടുമിക്ക സ്ഥലത്തും ഷെല്ജന് ഇഞ്ചികൃഷി ചെയ്തു. 2013 ഓടെയാണ് വയനാട്ടില്‍ മടങ്ങിയെത്തുന്നത്. തുടര്‍ന്നാണ് ഇവിടെ കൃഷി ആരംഭിക്കുന്നത്. കുടകിലെ പോലെ കൃഷി ചെയ്യാന്‍ പറ്റിയ സ്ഥലമാണ് വയനാടെന്നാണ് ഷെല്ജന് അഭിപ്രായപ്പെടുന്നത്. ചെലവിെൻറ കാര്യത്തില്‍ അല്പം കുറവ് ഇവിടെയാണ്. വിളവെടുപ്പ് സമയത്തടക്കം മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാവുകയുമില്ല.
ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ നാലരലക്ഷം രൂപയാണ് ഇവിടെ വരുന്ന ചെലവ്. കൃത്യമായ അളവിലും സമയത്തും വളമിടല്‍, ബോഡോ മിശ്രിതം തളിക്കല്‍ എന്നിങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. കര്‍ഷകര്‍ നിലവില്‍ നിരവധി പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഷെല്ജന് പറയുന്നു. കുമിള്നാശിനിക്കും മരുന്നുകള്‍ക്കുമെല്ലാം വില വര്‍ധിച്ചു. സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും തയാറാകണം. കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ നല്കിയാല് നിരവധി പേര് കൃഷിയില്‍ സജീവമാകുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.