ഗൂഡല്ലൂർ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഗൂഡല്ലൂർ പന്തല്ലൂർ താലൂക്കിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി വ്യാപകനാശം. ശനിയാഴ്ച ഉച്ചക്ക് ഇടവിട്ട് ശക്തമായ മഴപെയ്തു.
താഴ്ന്ന പ്രദേശങ്ങളിൽ തോടുകൾ കവിഞ്ഞൊഴുകിയാണ് വെള്ളപ്പൊക്കമുണ്ടായത്. പാട്ടവയൽ, ബിദർക്കാട്, നെലാക്കോട്ട, കുന്നലാടി ഭാഗങ്ങളിലെല്ലാം നേന്ത്രവാഴ, ഇഞ്ചി മറ്റു കൃഷികളടക്കം വെള്ളത്തിൽ ഒലിച്ചുപോയി. ദേവർഷോല പഞ്ചായത്തിലെ അഞ്ചുകുന്ന് കുറ്റിമൂച്ചി ഭാഗത്ത് കൈത്തോട് കവിഞ്ഞൊഴുകി വ്യാപക നാശം സംഭവിച്ചു. കുറ്റിമൂച്ചി പാൽ സൊസൈറ്റിക്കുസമീപം റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയും വെള്ളത്തിൽ ഒലിച്ചുപോവുന്നത് സമീപത്തുള്ളവർ കണ്ട് കയർ കെട്ടി തടയുകയായിരുന്നു. വീടുകളിലേക്കും വെള്ളം കയറി. ഈ ഭാഗത്ത് ഇതുവരെ ഇത്തരമൊരു ശക്തമായ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പാടന്തറയിലൂടെ ഒഴുകുന്ന തോട് വിപുലീകരിച്ച് ശുചീകരിച്ചതിനാൽ ഇത്തവണ പാടന്തറ ഭാഗത്ത് വെള്ളപ്പൊക്കഭീഷണി ഉണ്ടായില്ല. നീലഗിരിയിൽ ഒക്ടോബറിൽ കാലവർഷം ശക്തമാവുകയാണ് പതിവ്.
അതേസമയം, ഈ വർഷം മഴ നീണ്ടുനിൽക്കുന്നുണ്ടെങ്കിലും ശക്തി കുറവായിരുന്നു. കേരളത്തോട് തൊട്ടുകിടക്കുന്ന പന്തല്ലൂർ മേഖലയിൽ ഇടവിട്ട ദിവസങ്ങളിൽ മഴ ശക്തമായി പെയ്യാറുണ്ട്. മറ്റു മേഖലകളിൽ മഴ ദുർബലമാണ്. എന്നാൽ, ശനിയാഴ്ച അപ്രതീക്ഷിത മഴയാണ് പെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.