സംഘടന മാറിയ സ്പെഷലിസ്റ്റ് അധ്യാപകരെ പുനർനിയമനത്തിൽ നിന്ന് ഒഴിവാക്കിയെന്ന്

വെള്ളമുണ്ട: സംഘടന മാറിയ സ്പെഷലിസ്റ്റ് അധ്യാപകരെ പുനർനിയമനത്തിൽ നിന്നൊഴിവാക്കിയതായി പരാതി. 2016 മുതൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ വയനാട് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്നിരുന്ന സ്പെഷലിസ്റ്റ് അധ്യാപകരെ 2022-23 വർഷത്തേക്കുള്ള പുനർ നിയമനം നടത്തിയപ്പോൾ സംഘടന മാറിയതി‍െൻറ പേരിൽ നാല് അധ്യാപകരെ ജോലിയിൽനിന്നും പുറത്താക്കിയെന്നാണ് ആരോപണം. ഇവർ നേരത്തേ കെ.എസ്.ടി.എയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.

ശമ്പള വർധനവിനെകുറിച്ച് ചോദിക്കുമ്പോൾ നേതാക്കളുടെ ധിക്കാരപരമായ പ്രതികരണങ്ങളെ തുടർന്നും മുൻ ഡി.പി.സിയുടെ സാമ്പത്തിക ബാധ്യത തീർക്കാനെന്ന പേരിൽ അരിയറായി ലഭിക്കുന്ന പൈസ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിൽ ഇവർ ചേർന്നിരുന്നു. എ.കെ.എസ്.ടി.യു നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് അരിയർ നേടിയെടുത്തു. ജോലി ചെയ്തിരുന്ന സ്കൂളുകളിൽനിന്നും അപ്രൈസൽ വാങ്ങാതെ കെ.എസ്.ടി.എ സംഘടന നേതാക്കൾ സി.പി.എം നേതാക്കളുമായി ആലോചിച്ചാണ് പുതിയ ലിസ്റ്റ് തയാറാക്കിയതെന്ന് പുറത്താക്കപ്പെട്ട അധ്യാപകർ ആരോപിച്ചു.

കെ.എസ്.ടി.എയുടെ ധിക്കാരപരമായ രാഷ്ട്രീയ പ്രവർത്തനമാണ് വയനാട് എസ്.എസ്.കെ.യിൽ നടക്കുന്നത് എന്നും പുറത്താക്കപ്പെട്ട അധ്യാപകർ പറഞ്ഞു. അധ്യാപകരുടെ ജോലിയെ കുറിച്ച് അതത് വിദ്യാലയത്തിലെ പ്രധാനാധ്യാപകരാണ് അപ്രൈസൽ റിപ്പോർട്ട് നൽകേണ്ടത്. എന്നാൽ ചട്ടങ്ങൾ പാലിക്കാതെ പുറത്തുള്ള ചിലർ അപ്രൈസൽ എഴുതി പുറത്താക്കുന്ന സമീപനമാണ് ഉണ്ടായത്. 2016 ഡിസംബർ 23നാണ് സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്. എന്നാൽ, ജനുവരി നാലിനാണ് സർക്കാർ രേഖ പ്രകാരം നിയമനം നടന്നത്. ഈ കാലയളവിൽ നൽകിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. ഈ പണം ജീവനക്കാരുടെ അരിയറിൽനിന്ന് തിരിച്ചുനൽകാൻ തയാറാണെന്ന് കാണിച്ച് നിർബന്ധിച്ച് ഒപ്പിടീക്കാനുള്ള നീക്കം പൊളിഞ്ഞത് പുറത്താക്കിയ അധ്യാപകർ ഒപ്പിടാതെ ചോദ്യം ചെയ്തതോടെയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രണ്ട് അധ്യാപകരെ പുറത്താക്കിയതെന്നാണ് ആരോപണം. ശമ്പളം കൃത്യമായി ലഭിക്കാത്തത് ചോദ്യംചെയ്തതിനാണത്രേ മറ്റൊരധ്യാപകനെ പുറത്താക്കിയത്. ചിലരുടെ സഭ്യമല്ലാത്ത ഭാഷ ചോദ്യം ചെയ്തതിനാണ് നാലാമത്തെ അധ്യാപകനെ പുറത്താക്കിയതെന്ന് പരസ്യമായ രഹസ്യമാണ്. കെ.എസ്.ടി.എ വിട്ടതു മുതൽ ഇവരെ പുറത്താക്കാനുള്ള നീക്കം നടന്നിരുന്നതായും അധ്യാപകർ പറയുന്നു. അതേസമയം, ഇതിനെ കുറിച്ച് അറിയുന്നതിന് ഡി.പി.സി ഓഫിസറെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.

ഡി.പി.സി ഓഫിസിൽ ഉന്തും തള്ളും

വെള്ളമുണ്ട: കെ.എസ്.ടി.എയിൽ നിന്നും സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യുവിലേക്ക് മാറിയ സ്പെഷലിസ്റ്റ് അധ്യാപകരെ പുനർനിയമനത്തിൽ നിന്ന് ഒഴിവാക്കിയ നടപടി ചോദിക്കാനെത്തിയ എ.കെ.എസ്.ടി.യു ജില്ല നേതാക്കളും കെ.എസ്.ടി.എ ജീവനക്കാരും തമ്മിൽ സംഘർഷം. ജില്ല പ്രൊജക്ട് കോഓഡിനേറ്റർ (ഡി.പി.സി) ഓഫിസിലെ ഒരു ജീവനക്കാരൻ പുറത്തുനിന്നുള്ളവരേയും കൂട്ടി ജില്ല ഓഫിസറുടെ കാബിനിൽ ചർച്ച നടത്തുകയായിരുന്ന എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി ശ്രീജിത്തടക്കമുള്ളവരെ ചോദ്യം ചെയ്യാനെത്തിയതാണ് സംഘർഷത്തിനിടയാക്കിയതെന്ന് നേതാക്കൾ പറയുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതി‍െൻറ പേരിൽ കേസ് നൽകിയെങ്കിലും നേതാക്കൾ ഇടപെട്ട് ഒതുക്കിയതായി സൂചനയുണ്ട്. പാർട്ടി കോൺഗ്രസിന് ശേഷം, പുറത്താക്കിയ അധ്യാപകരുടെ വിഷയം ചർച്ച ചെയ്യുമെന്നും അവരെ തിരിച്ചെടുക്കുന്നതുവരെ സംഘടന ഒപ്പമുണ്ടാകുമെന്നും ജില്ല സെക്രട്ടറി ശ്രീജിത്ത് മാധ്യമത്തോട് പറഞ്ഞു.

Tags:    
News Summary - Specialist teachers are excluded from re-appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.