വൈത്തിരി: പ്രസന്നവദനായി യാത്ര ചെയ്ത യുവാവിന്റെ ദൃശ്യങ്ങളാണ് തുടക്കത്തിൽ. അൽപം മുന്നോട്ടുപോകുമ്പോൾ വയനാട് ചുരത്തിൽ ഇന്നേവരെ കാണാത്ത രീതിയിലുള്ള ഭീകരദൃശ്യമാണ് തെളിയുന്നത്. വലിയൊരു പാറക്കല്ല് അതിദ്രുതം താഴോട്ട് പതിച്ച് ഓടിക്കൊണ്ടിരിക്കുന്ന ആ ബൈക്കിൽ ഇടിക്കുന്നു.
പൊടുന്നനെയെന്നോണം ബൈക്കും രണ്ടുയുവാക്കളും ചുരം റോഡിലെ കാഴ്ചകളിൽനിന്ന് ക്ഷണത്തിൽ മറഞ്ഞുപോകുന്നു. ഈയിടെ ചുരത്തിൽ ബൈക്ക് യാത്രക്കിടെ കല്ല് വീണ് യുവാവ് മരിച്ച സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ വിഡിയോ മുൻനിർത്തി ചുരത്തിലെ യാത്രയുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടുകയാണ് മിക്കവരും.
മലപ്പുറം വണ്ടൂര്‍ സ്വദേശി ബാബുവിന്റെ മകന്‍ അഭിനവ് (22) ആണ് അപകടത്തില്‍ മരിച്ചത്. അഭിനവും സുഹൃത്ത് അനീഷും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് മുകളിലേക്ക് കല്ല് വീഴുകയായിരുന്നു. താമരശ്ശേരി ചുരം ഏഴാംവളവിന് മുകൾഭാഗത്തുണ്ടായ അപകടത്തിന്റെ ദൃശ്യമാണ് കുറച്ചുദിവസങ്ങൾക്കുശേഷം പുറത്തെത്തിയത്. ഇവരുടെ ബൈക്കിന് പിന്നിൽ സഞ്ചരിച്ച മറ്റൊരു ബൈക്കിൽ സ്ഥാപിച്ച കാമറയിലെ ദൃശ്യങ്ങളാണിവ. ചുരത്തിലെ പാറക്കെട്ടുകൾക്കിടയിൽനിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കിൽ പതിക്കുകയായിരുന്നു. ബൈക്കും യാത്രികരുമടക്കം തൊട്ടടുത്ത താഴ്ചയിലേക്ക് തെറിച്ചുവീണു.
പാറക്കല്ല് ഇളകിവീണത് ചുരത്തിന്റെ സുരക്ഷയില്ലായ്മയിലേക്കുള്ള ഗുരുതരമായ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ചുരത്തിൽ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്ന കൂറ്റൻ ടോറസുകളും ടിപ്പറുകളും ചുരത്തിന്റെ ബലക്ഷയത്തിന് വഴിയൊരുക്കുന്നുവെന്ന ആശങ്ക ഏറെക്കാലമായി പലരും ഉയർത്തുന്നുണ്ട്.
വയനാട്ടില്‍ ക്വാറി നിരോധിച്ച ശേഷം അമിതഭാരവുമായി എത്തുന്ന വാഹനങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ചുരം സംരക്ഷണ സമിതി ആരോപിക്കുന്നത്. 2016 മുതല്‍ വയനാട്ടില്‍ ക്വാറി നിരോധിച്ചതിന് ശേഷം ചുരം കയറിയാണ് നിർമാണ സാമഗ്രികൾ തീവിലക്ക് വയനാട്ടിൽ എത്തിക്കുന്നത്.
തുടക്കത്തില്‍ വാഹനങ്ങളില്‍ ഓവര്‍ ലോഡ് അടക്കം പരമാവധി 25 ടണ്‍ ഭാരമുള്ള ടിപ്പറുകളായിരുന്നു വയനാട്ടിലേക്ക് ലോഡ് എത്തിച്ചിരുന്നത്. മള്‍ട്ടി ആക്സില്‍ ടിപ്പറുകള്‍ കടന്നുവന്നതോടുകൂടി ഓവര്‍ലോഡ് അടക്കം 50 ടണ്ണിലധികം ലോഡുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന വയനാട് ചുരം കയറുന്നത്. ഒരുവിധ സമയക്രമവും ബാധകമല്ലാതെ, അധികൃതരുടെ ഒത്താശയോടെ ക്വാറി മാഫിയ നിർബാധം സഞ്ചരിക്കുമ്പോൾ നടപടിയെടുക്കേണ്ട കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങൾ സംരക്ഷകരാവുകയാണ്. കനത്ത പേമാരിയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സമയങ്ങളിൽപോലും അമിതഭാര വാഹനങ്ങൾ കടത്തിവിടുന്നതിൽ അധികൃതർ ജാഗ്രത കാട്ടാറുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ടുകൾക്കുള്ള പ്രധാന ആശ്രയമായതിനാൽ ഒരു രാഷ്ട്രീയ പാർട്ടികളും ഇവയുടെ സ്വൈരവിഹാരത്തിനെതിരെ ചെറുവിരൽ പോലും അനക്കാറില്ല. ഇതുവരെയില്ലാത്ത രീതിയിൽ കല്ല് ഇടിഞ്ഞുവീണ് ഒരു യാത്രികൻ മരിച്ചിട്ടും അധികൃതർ അമിതഭാരവുമായി ചുരത്തിന്റെ നിലനിൽപ്പിനു ഭീഷണിയാവുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ ഒരു പരാമർശം പോലും നടത്തുന്നില്ല.
മഴയോ വെയിലോ എന്നില്ലാതെ കൂറ്റൻ ടോറസുകൾ ഓവര്‍ ലോഡുമായി ചുരം കയറുമ്പോള്‍ പരിസ്ഥിതി ലോല പ്രദേശമായ ചുരത്തിന്റെ നിലനില്‍പ്പിന് അത് കടുത്ത ഭീഷണിയാണെന്ന് വ്യക്തം.
കഴിഞ്ഞ നാലുവർഷത്തിനിടെ ചുരം പല ഭാഗങ്ങളിലും ഇടിഞ്ഞതും ഇതോടുചേർത്ത് അധികൃതർ പരിശോധന നടത്തേണ്ടതാണെന്നും ചുരം സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
30 ടണ്ണിന് മേലെയുള്ള ടിപ്പറുകള്‍ ചുരത്തിലൂടെ കടത്തിവിടുന്നത് വൻ ദുരന്തത്തിലേക്ക് നയിക്കും. കല്ല് തെറിച്ചുവീണുണ്ടായ അപകടം വിദഗ്ധർ അന്വേഷിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ചുരം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.