കൽപറ്റ: ജില്ലയിലെ പതിനായിരക്കണക്കിന് കര്‍ഷകരും സാധാരണക്കാരും ജപ്തി നടപടി നേരിടുന്ന സാഹചര്യത്തില്‍ വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. അതീവഗുരുതര സാഹചര്യത്തിലൂടെയാണ് വയനാട്ടിലെ കര്‍ഷകരടക്കമുള്ള ജനം കടന്നുപോകുന്നതെന്ന് ശ്രദ്ധക്ഷണിക്കല്‍ വേളയില്‍ അദ്ദേഹം വിശദീകരിച്ചു.
വയനാട്ടില്‍ 11,600 കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണ്. ജില്ലയില്‍ മാത്രം 4440 കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2000 പേരുടെ മേല്‍ ജപ്തി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണം. കടങ്ങള്‍ എഴുതിത്തള്ളുകയോ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുകയോ വേണം. ദേശസാത്കൃത ബാങ്കുകള്‍, കാര്‍ഷിക ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാനാവാതെ ഈട് നല്കിയ ഭൂമിയും വീടും ജപ്തി ചെയ്ത് വഴിയാധാരമാകുന്ന സാഹചര്യമാണുള്ളത്.
സര്‍ഫാസി നിയമപ്രകാരം പണയ വസ്തു പിടിച്ചെടുക്കുമെന്ന അറിയിപ്പ്, പത്രപരസ്യം, കിടപ്പാടം പിടിച്ചെടുക്കല്‍, പിടിച്ചെടുത്തതിനു ശേഷം ബാങ്കിന്റേതെന്ന് മുദ്രകുത്തല്‍ ഇതെല്ലാമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജപ്തി നോട്ടീസുകള്‍ക്ക് പുറമെ സര്‍ഫാസി നിയമപ്രകാരം ഈടു നല്കിയ വസ്തു ഏറ്റെടുക്കല്‍ നടപടി കേരള ബാങ്കും കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. കടാശ്വാസ കമീഷന് കടലാസുപുലിയായി മാറി. കമീഷന്റെ സിറ്റിങ് പോലും വര്‍ഷങ്ങളായി നിലച്ചു. കടാശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ പകരം ജപ്തി നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സിദ്ദീഖ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി 117.37 കോടി രൂപ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തിട്ടുണ്ടെന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുകയാണെന്നുമായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് 2019 നവംബര്‍ 21ന് നിയമസഭയില്‍ കമ്മിറ്റിയെ നിയോഗിച്ച് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൽപറ്റ: ഏഴു വർഷം കൊണ്ട് വൻകിട കുത്തകകളുടെ 9.45 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ ദേശസാത്കൃത ബാങ്കുകൾ കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കർഷകരെ ജപ്തി ചെയ്യുന്ന നടപടി പൊതുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ജില്ല കമ്മിറ്റി നടത്തിയ ലീഡ് ബാങ്ക് 'ജപ്തി നടപടി'കളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ലീഡ് ബാങ്കായ കനറ ബാങ്കിന്റെ റീജ്യനൽ ഓഫിസ് ചെണ്ടകൊട്ടി പ്രതീകാത്മകമായി ഏറ്റെടുത്തായിരുന്നു 'ജപ്തി'. 2021 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും.
സംസ്ഥാന സർക്കാർ നിർദേശം പാലിക്കേണ്ട സംസ്ഥാന സഹകരണബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളും മൊറട്ടോറിയം കാലഘട്ടമായ 2021 ജൂലൈ മുതൽ സർഫാസി അടക്കമുള്ള കരിനിയമങ്ങൾ ഉപയോഗപ്പെടുത്തി ജപ്തി നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൃഷിഭൂമി ഏറ്റെടുക്കാൻ പാടില്ലെന്ന് സർഫാസി നിയമം 31 (i) വകുപ്പ് വ്യക്തമായി പറയുമ്പോഴും അതെല്ലാം ലംഘിച്ച് കൃഷിക്ക് വേണ്ടി പട്ടയം നൽകിയ ഭൂമി പോലും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു.
രാഷ്ടീയ കിസാൻ മഹാസംഘ് ജനങ്ങളെ അണിനിരത്തി അനീതി ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൺവീനർമാരായ പി.ജെ. ജോൺ മാസ്റ്റർ, സുനിൽ മഠത്തിൽ, വി-ഫാം ജില്ല ചെയർമാൻ കമൽ ജോസഫ്, എഫ്.ആർ.എഫ് നേതാവ് എ.സി. തോമസ്, കേരള കർഷക സംരക്ഷണ സമിതി ചെയർമാൻ കെ. കുഞ്ഞിക്കണ്ണൻ, കേരള കാർഷിക പുരോഗമന സമിതി സെക്രട്ടറി ടി.പി. ശശി, ഐഫ ജില്ല ചെയർമാൻ ജോൺസൻ ജോർജ് , കേരള ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറി കുര്യൻ മൊതക്കര, എ.എൻ. മുകുന്ദൻ, പി.എം. ജോർജ്, ശ്രീജ പൊഴുതന എന്നിവർ സംസാരിച്ചു.
ആർ.കെ.എം.എസ് ജില്ല സെക്രട്ടറി പൗലോസ് മോളത്ത് സ്വാഗതവും ഇബ്രാഹിം തെങ്ങിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.