സുൽത്താൻബത്തേരി: അംഗൻവാടി മുഖേനയുള്ള പോഷകാഹാര വിതരണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ പൂതാടി പഞ്ചായത്തിൽ വിവാദം കൊഴുക്കുന്നു. ഭരണകക്ഷിയായ യു.ഡി.എഫും ബി.ജെ.പിയും പഴയ ഭരണസമിതിയായ എൽ.ഡി.എഫിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
2020-21 സാമ്പത്തികവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകളെക്കുറിച്ച് സൂചനയുള്ളത്. ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾ, മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, പോഷകാഹാരക്കുറവ് കാരണം ബുദ്ധിമുട്ടുന്ന കൗമാരക്കാരായ പെൺകുട്ടികൾ എന്നിവർക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിലാണ് വിവാദം. 41 അംഗൻവാടികളാണ് പഞ്ചായത്തിൽ ആകെയുള്ളത്. 2020-21 വർഷത്തിൽ 90.10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ചെലവഴിച്ചത് 64.28 ലക്ഷം. എന്നാൽ, 2020-21 സാമ്പത്തികവർഷത്തിൽ, 2019-20 വർഷത്തെ ചെലവ് എന്ന നിലയിൽ നൽകിയ 26.86 ലക്ഷം രൂപ ഓഡിറ്റിൽ അംഗീകരിച്ചില്ല. ഇതാണ് രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയത്.
2019-20 വർഷത്തിൽ പോഷകാഹാരത്തിനായി 55 ലക്ഷമാണ് വകയിരുത്തിയിരുന്നത്. ഇതിൽ 42.62 ലക്ഷം രൂപ ചെലവഴിച്ചു. 26.86 ലക്ഷം രൂപ കൂടി നൽകിയതോടെ വകയിരുത്തിയതിനെക്കാൾ 14.48 രൂപ അധികം ചെലവാക്കി. സി.പി.എം നേതാവ് രുഗ്മിണി സുബ്രഹ്മണ്യൻ നേതൃത്വം വഹിച്ച പഴയഭരണസമിതി നല്ല പഞ്ചായത്തിനുള്ള ദേശീയ അവാർഡ് വരെ നേടിയിരുന്നു. എന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫിനെതിരെ അട്ടിമറി വിജയംനേടി അധികാരത്തിലേറി.
പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ട് എൽ.ഡി.എഫിനെ പൂട്ടാനുള്ള വലിയ ആയുധമായിട്ടാണ് ഇപ്പോൾ യു.ഡി.എഫ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ഭരണസമിതിക്ക് ലഭിച്ച ദേശീയ പുരസ്കാരം തിരിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ബി.ജെ.പി സമരം നടത്തിയിരുന്നു.
'അഴിമതി ആരോപണം ഭരണപോരായ്മ മറയ്ക്കാൻ'
സുൽത്താൻ ബത്തേരി: അംഗൻവാടി പോഷകാഹാര വിതരണത്തിൽ പഴയ ഭരണ സമിതിക്കെതിരെ അഴിമതി ആരോപണവുമായി യു.ഡി.എഫ് നേതാക്കൾ ഇറങ്ങിയത് ഇപ്പോഴത്തെ ഭരണ പോരായ്മ മറയ്ക്കാനാണെന്ന് പൂതാടി പഞ്ചായത്ത് മുൻ പ്രസിഡന്റും ഇപ്പോൾ പഞ്ചായത്ത് അംഗവുമായ രുഗ്മിണി സുബ്രഹ്മണ്യൻ.
ഓഡിറ്റ് റിപ്പോർട്ടിൽ പോഷകാഹാര വിതരണത്തിലെ കണക്ക് സംബന്ധിച്ച് വ്യക്തത തേടുകയാണ് ചെയ്തിട്ടുള്ളത്. അതിന് മറുപടി കൊടുത്താൽ പ്രശ്നം തീരും. മറുപടി സർക്കാറിന് തൃപ്തികരമല്ലെങ്കിലെ പണം തിരിച്ചടയ്ക്കേണ്ടതുള്ളു. മുമ്പ് മുത്താരംകുന്ന് കുടിവെള്ള പദ്ധതിയുടെ പേരിൽ പണം തിരിച്ചടച്ച യു.ഡി.എഫ് നേതാക്കളാണ് ഇപ്പോൾ ആരോപണവുമായി ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാമതായിരുന്നു. ഇപ്പോൾ യു.ഡി.എഫ് ഭരണസമിതി ഇരുപത്തിരണ്ടാം സ്ഥാനത്താണ്. ഈയൊരവസ്ഥ മറയ്ക്കാനാണ് യു.ഡി.എഫ് ശ്രമം. ഇപ്പോഴത്തെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ അറിയാതെ മുൻ മെംബർമാരായ ചില യു.ഡി.എഫ് നേതാക്കളാണ് ബി.ജെ.പിയുമായി കൈകോർത്ത് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും രുഗ്മിണി സുബ്രഹ്മണ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.