സുൽത്താൻ ബത്തേരി: സ്കൂളിൽ നിന്ന് വീണ് കൈയൊടിഞ്ഞ വിദ്യാർഥിക്ക് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. ബീനാച്ചി സ്വദേശി തുമ്പോളി നവാസാണ് മകൻ അജ്മലിന് ചികിത്സ നിഷേധിച്ചതായി വാർത്തസമ്മേളനത്തിൽ ആരോപിച്ചത്.
ബുധനാഴ്ച രാവിലെയാണ് പത്താം ക്ലാസ് വിദ്യാർഥിയായ അജ്മലിന് കൈക്ക് പരിക്കേറ്റത്. തുടർന്ന് ബീനാച്ചി സ്കൂളിലെ അധ്യാപകർ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് നവാസും ആശുപത്രിയിലെത്തി. ഡോക്ടർ പരിശോധിച്ച് എക്സ് റേ എടുത്തതിന് ശേഷം ചെറിയ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തുകയും മുറിവ് വെച്ചുകെട്ടുന്ന സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.
രാവിലെ പതിനൊന്നര മുതൽ ഒന്നര വരെ കാത്തു നിന്നിട്ടും മുറിവ് വെച്ചുകെട്ടിയില്ല. കാത്തു നിന്ന് മടുത്ത അജ്മൽ ഇതിനിടയിൽ കുഴഞ്ഞുവീണു. പരാതി ഉന്നയിച്ച തന്നോട് തങ്ങൾക്ക് ഇത്രയൊക്കെ പറ്റൂ എന്ന മറുപടിയാണ് ജീവനക്കാരൻ പറഞ്ഞതെന്ന് നവാസ് പറഞ്ഞു.
പിന്നീട് മകനേയും കൂട്ടി നഗരത്തിലെ മർമ്മ ചികിത്സ കേന്ദ്രത്തിലെത്തി മുറിവ് വെച്ചു കെട്ടുകയായിരുന്നു. മുറിവ് കെട്ടുന്ന സ്ഥലത്തെ ജീവനക്കാരുടെ കുറവായിരിക്കാം തങ്ങളോട് ആശുപത്രി ജീവനക്കാരൻ പരുഷമായി പെരുമാറുന്നതിന്
ഇടയാക്കിയതെന്ന് കാറ്ററിങ്ങ് തൊഴിലാളിയായ നവാസ് പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ആശുപത്രി സൂപ്രണ്ടിനും മറ്റും പരാതി കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.