സുൽത്താൻ ബത്തേരി (വയനാട്): കോട്ടക്കുന്ന് കാരക്കണ്ടി സാഗർ തിയറ്ററിനടുത്തെ ആൾതാമസമില്ലാത്ത വീട്ടിൽ വ്യാഴാഴ്ച നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നിഗമനങ്ങൾ പലവിധം. പൊലീസ് അന്വേഷണം ഊർജിതമാക്കി. വ്യക്തമായ ചിത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തുവന്നേക്കും.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദേശത്തെ മൂന്ന് വിദ്യാർഥികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കണ്ണൂരിൽനിന്ന് ഫോറൻസിങ് വിഭാഗം അസി. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാവിലെ സ്ഫോടനം നടന്ന ഷെഡ്ഡിലെത്തി സാമ്പിളുകൾ ശേഖരിച്ചു.
ഇത് കണ്ണൂരിൽനിന്നു പ്രത്യേക ലാബിലേക്ക് അയച്ച് ഫലം വരാൻ ഏതാനും ദിവസങ്ങൾ പിടിക്കും. ചികിത്സയിലുള്ള കുട്ടികളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് വെടിമരുന്ന് ആകാനാണ് സാധ്യതയെന്ന് സുൽത്താൻ ബത്തേരി എസ്.ഐ ആർ.എൻ. പ്രശാന്ത് പറഞ്ഞു. ഷെഡ്ഡിൽ പാഴ്വസ്തുക്കൾ സൂക്ഷിച്ചിരുന്നു. അതിനുള്ളിൽ സ്ഫോടക വസ്തു എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. വീട്ടിൽ ആൾതാമസമില്ലാത്തതിനാൽ ആരേങ്കിലും കൊണ്ടുവെക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും എസ്.ഐ പറഞ്ഞു.
വീടിനോട് ചേർന്ന ഔട്ട്ഹൗസെന്ന് തോന്നിക്കുന്ന കോൺക്രീറ്റ് ഷെഡ്ഡിലാണ് സ്ഫോടനം നടന്നത്. രണ്ട് വർഷം മുമ്പ് ഇവിടെ കുടുംബം വാടകക്ക് താമസിച്ചിരുന്നു. താമസമുപേക്ഷിച്ച് പോയ ശേഷം ആവർ ഈ വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ചുറ്റുമതിലിനുള്ളിൽ വീടും ഷെഡ്ഡും കാടുപിടിച്ച അവസ്ഥയിലാണ്.
ഷെഡ്ഡ് രഹസ്യമായി ഉപയോഗപ്പെടുത്തിയതാകാൻ സാധ്യതയുണ്ട്. അതറിയാതെ സുഹൃത്തുക്കളായ കുട്ടികൾ നേരംപോക്കിനായി ഷെഡ്ഡിൽ കയറിയപ്പോൾ അബദ്ധം പിണഞ്ഞതാകാമെന്ന നിഗമനമാണ് കൂടുതൽ ശക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.