സുൽത്താൻ ബത്തേരി: ടൗണിലും പരിസരങ്ങളിലുമായി വാടകക്ക് വീടുകളും ഫ്ലാറ്റുകളുമെടുത്ത് ലീസിന് നൽകി ആളുകളിൽനിന്ന് പണം തട്ടിയ ബീനാച്ചി സ്വദേശി മൻസൂർ എന്ന ബാവയെ സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ കർണാടകയിൽനിന്ന് പിടികൂടി. തന്റേതല്ലാത്ത വീടുകൾ കാണിച്ച് 11 മാസത്തെ കാലാവധിയിൽ ആളുകളിൽനിന്ന് അമ്പതിനായിരം മുതൽ അഞ്ചര ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു തട്ടിപ്പ്.
ടൗണിന്റെ പല ഭാഗത്തായി വീടുകൾ വാടകക്കെടുക്കുകയോ കണ്ടുവെക്കുകയോ ആണ് ആദ്യം മൻസൂർ ചെയ്യുക. തുടർന്ന്
വാടകക്ക് വീട് അന്വേഷിക്കുന്നവരെ കണ്ടെത്തി വലയിലാക്കും. വീട് എഗ്രിമെന്റ് ഒപ്പിട്ട് ലീസിന് കൈമാറുകയുമാണ് ചെയ്തിരുന്നത്.
പിന്നീട് താമസക്കാരുടെ അടുക്കൽ യാഥാർഥ കെട്ടിട ഉടമ വാടക ചോദിച്ചെത്തുകയും വീട്ടിൽനിന്ന് ഇറങ്ങണമെന്ന് പറയുമ്പോഴുമാണ് പലരും തട്ടിപ്പിന്നിരയായതായി അറിയുന്നത്. കൃത്യമായി വാടക മൻസൂറിന് നൽകിയിട്ടും തുക യഥാർഥ കെട്ടിട ഉടമക്ക് നൽകാതായതോടെയാണ് സംഭവം പുറത്തായത്. നിലവിൽ ബാങ്ക് മുഖേനെയും മറ്റും പണം നൽകിയ സുൽത്താൻ ബത്തേരി സ്വദേശികളായ റിഹാന ബാനു, ആലി, ആന്റണി എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത്.
ചികിത്സ ആവശ്യങ്ങൾക്കായി ടൗണിനോട് ചേർന്ന് വീടുകൾ തിരയുന്നവർ, വാടകക്ക് വീടുകൾ അന്വേഷിക്കുന്നവർ എന്നിവരെ കണ്ടെത്തിയാണ് മൻസൂർ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് പുറത്തായതോടെ ഇയാളുടെ വലയിൽവീണ കൂടുതൽപേർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.