സുൽത്താൻ ബത്തേരി: കാരക്കണ്ടി സാഗർ തിയറ്ററിനടുത്തെ ആളൊഴിഞ്ഞ വീട്ടിൽ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു. അപ്പോഴും ഉത്തരം കിട്ടാതെ പൊലീസ് അന്വേഷണം. നാട്ടുകാർ കടുത്ത ആശങ്കയിലാണ്. വെടിമരുന്ന് സ്ഫോടനം ഇത്തരത്തിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കുവാൻ ശേഷിയുള്ളതാണോ എന്നതാണ് എല്ലാവരും സംശയം പ്രകടിപ്പിക്കുന്നത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും സ്ഫോടക വസ്തു എങ്ങനെ എത്തി എന്നത് ഇനിയും കണ്ടെത്താനായില്ല.
പെരിന്തൽമണ്ണ സ്വദേശി രാധാകൃഷ്ണെൻറ ഉടമസ്ഥതയിലുള്ള വീട് മൂന്ന് വർഷത്തോളമായി ആൾ താമസമില്ലാതെ കിടക്കുകയാണ്. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസെന്ന് തോന്നിക്കുന്ന കോൺക്രീറ്റ് ഷെഡിലാണ് സ്ഫോടനം നടന്നത്. കൂട്ടുകൂടി നടക്കുന്നതിനിടയിൽ കുട്ടികൾ റോഡരികിലെ ഷെഡിൽ വെറുതെ കയറിയതാണ്. പൊടിയെന്ന് തോന്നിക്കുന്ന വസ്തു എന്താണെന്നറിയാൻ തീപ്പെട്ടി ഉരച്ചു നോക്കിയപ്പോൾ പൊട്ടിത്തെറിച്ചുവെന്നാണ് മരണത്തിനു മുേമ്പ കുട്ടികളിലൊരാൾ നൽകിയ മൊഴി. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു എങ്ങനെ വീടിനോട് ചേർന്നുള്ള ഷെഡിൽ എത്തി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
മുമ്പ് വീട്ടിൽ വാടകക്ക് താമസിച്ചിരുന്നവരുടെ ബന്ധുവിന് പടക്ക നിർമാണവുമായി ബന്ധമുള്ളതായി നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ വീട് ഒഴിഞ്ഞതിന് ശേഷം അവിടേക്ക് ഒരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവർ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ 22നായിരുന്നു സ്ഫോടനം.
23ന് കണ്ണൂരിൽ നിെന്നത്തിയ വിദഗ്ധ സംഘം സാമ്പ്്ളുകൾ ശേഖരിച്ചു. അന്തിമ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ലെങ്കിലും വെടിമരുന്നെന്നാണ് പ്രാഥമിക കണ്ടെത്തൽ. ക്വാറികളിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു. തുടർന്ന് ക്വാറികളിലും വെടിക്കെട്ടിനുള്ള വസ്തുക്കളാണോ എന്ന സംശയത്തിൽ ഏതാനും ക്ഷേത്രങ്ങളിലും അന്വേഷണം നടത്തിയതായി സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നി 'മാധ്യമ'ത്തോട് പറഞ്ഞു.
അന്വേഷണം ഇപ്പോഴും തുടരുകയാണ്. മരിച്ച മൂന്ന് കുട്ടികളും നിർധന കുടുംബത്തിൽപെട്ടവരാണ്. സർക്കാർ സഹായങ്ങൾ കുടുംബങ്ങൾക്ക് കൊടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.