സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ പൊൻകുഴിക്ക് സമീപം റോഡരികിലായി നിലയുറപ്പിച്ച് കടുവ. കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് വൈകീട്ടുള്ള ജംഗിൾ സഫാരി യാത്രക്കിടെ പൊൻകുഴി ക്ഷേത്രം കഴിഞ്ഞ് ആദിവാസി കോളനിയുടെ സമീപത്തായാണ് റോഡരികിൽ കടുവ നിലയുറപ്പിച്ചത്.
കാനന ഭംഗി ആസ്വദിക്കാനായി മറ്റു ജില്ലകളിൽനിന്നെത്തി ജംഗിൾ സഫാരി നടത്തിയവർക്കും മീറ്ററുകളുടെ വ്യത്യാസത്തിൽ കടുവയെ കണ്ടത് വേറിട്ട അനുഭവമായി. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ഡയറ്റിലെ സീനിയർ അധ്യാപകൻ മനോജിന്റെ നേതൃത്വത്തിൽ 14 ജില്ലകളിൽനിന്ന് പരിശീലനത്തിനായി വയനാട്ടിലെത്തിയ 32 അധ്യാപകരാണ് ബസിലുണ്ടായിരുന്നത്.
മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഉൾവനമേഖലയിൽ കടുവകളെ കാണാറുണ്ടെങ്കിലും വനമേഖലയിൽ വാഹനങ്ങൾ പോകുന്ന റോഡിനോടു ചേർന്ന് കടുവകളെത്തുന്നത് അപൂർവമാണ്. പൊൻകുഴി ക്ഷേത്രം കഴിഞ്ഞ് ആദിവാസി കോളനിയും പിന്നിട്ട് വളവ് തിരിയുന്നതിനിടെയാണ് കടുവ റോഡിന് കുറുകെ കടക്കുന്നത് കണ്ടതെന്നും ഇത് രണ്ടാം തവണയാണ് ജംഗിൾ സഫാരിക്കിടെ കടുവയെ കാണുന്നതെന്നും കണ്ടക്ടർ ഒ.കെ. ശശീന്ദ്രൻ പറഞ്ഞു. കടുവ റോഡ് കുറുകെ കടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉടൻ ഡ്രൈവർ പ്രശോജ് ബസിന്റെ വേഗത കുറച്ചു.
റോഡ് കുറുകെ കടന്നശേഷം ബസിന് സമീപത്തായി റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് കടുവ കിടന്നിരുന്നത്. കടുവയെ കണ്ടയുടനെ ബസിന്റെ ഗ്ലാസ് അടക്കാൻ യാത്രക്കാരോട് പറയുകയും ബസ് പതിയെ മുന്നോട്ടെടുക്കുകയും ചെയ്തു.
വാഹനങ്ങളൊന്നും റോഡിൽ നിർത്തരുതെന്ന നിർദേശവും നൽകിയാണ് ജംഗിൾ സഫാരി യാത്ര അതിർത്തിയിലെ ചെക്പോസ്റ്റ് വരെ തുടർന്നത്. തിരിച്ചുവരുമ്പോൾ കടുവ നിലയുറപ്പിച്ച സ്ഥലത്ത് കൂട്ടമായി വാഹനം നിർത്തിയിട്ടുണ്ടായിരുന്നുവെന്നും കടുവ അവിടെ തന്നെ കിടക്കുന്നതിനാൽ മുത്തങ്ങയിലെത്തി വനപാലകരെ വിവരം അറിയിച്ചെന്നും ഒ.കെ. ശശീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.