സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് കോഴ ആരോപണങ്ങളെ തള്ളി നേതാക്കൾ മുന്നോട്ടുപോകുമ്പോൾ പുതിയ ഭാരവാഹികളെ കാത്ത് ബി.ജെ.പിയുടെ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി. ഭൂരിഭാഗവും രാജിവെച്ചതോടെ കമ്മിറ്റി ഇപ്പോൾ നിർജീവമാണ്. എതിർശബ്ദങ്ങൾ ഉയരുമ്പോഴും അതൊന്നും കൂസാതെ ജില്ല പ്രസിഡൻറും ജനറൽ സെക്രട്ടറിയും മുന്നോട്ടുപോകുകയാണ്. ഇത് എ ക്ലാസ് മണ്ഡലത്തിെൻറ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അണികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ജില്ല പ്രസിഡൻറ് കെ.പി. മധു, ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരോട് വിയോജിപ്പുള്ളവരാണ് സുൽത്താൻ ബത്തേരിയിലെ പ്രാദേശിക നേതാക്കളിൽ ഭൂരിഭാഗവും. കോഴ ആരോപണങ്ങളും തുടർന്നുള്ള ഭാരവാഹികളുടെ രാജികളും ഇതിന് തെളിവാണ്.
എന്നാൽ, രാജിവെച്ചവർക്ക് സംസ്ഥാന നേതാക്കളുടെ കാര്യമായ പിന്തുണ നേടാനായില്ല. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ അടുത്ത ആളുകളെന്ന നിലയിലാണ് ഇപ്പോഴത്തെ ജില്ല പ്രസിഡൻറും ജനറൽ സെക്രട്ടറിയും ജില്ലയിൽ പാർട്ടിയെ നിയന്ത്രിക്കുന്നത്.
ഭാരവാഹിത്വം രാജിവെച്ചവരും അച്ചടക്ക നടപടികൾക്ക് വിധേയരായവരും കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ ഒത്തുകൂടിയിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനോ കൂടുതൽ വിശദീകരണത്തിനോ ഈ നേതാക്കൾ തയാറാകുന്നില്ല. അനുരഞ്ജന ചർച്ചയാണ് ഇവർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നര കോടിയോളം രൂപ സുൽത്താൻ ബത്തേരി മണ്ഡലത്തിലേക്കായി എത്തിയെന്ന ആക്ഷേപം ഇപ്പോഴും ഉയരുന്നുണ്ട്. എന്നാൽ 20 ലക്ഷം രൂപയിൽ താഴെയുള്ള കണക്കാണ് ജില്ല ജനറൽ സെക്രട്ടറി വിശദീകരിക്കുന്നത്.
സുൽത്താൻ ബത്തേരി: മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി മൂന്നരക്കോടി എത്തിച്ചത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന് 17 ലക്ഷം രൂപ ചെലവാക്കിയതിെൻറ കണക്കാണ് നൽകിയത്.
അതേസമയം, ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ജില്ല പ്രസിഡൻറിന് അയച്ചു കൊടുത്തത് മൂന്നരക്കോടിയുടെ കണക്കാണ്.
ഇതു നഗ്നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. പണം ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബി.ജെ.പിയുടെ ഉത്തരേന്ത്യൻ രീതിയുടെ പരീക്ഷണശാലയാക്കി സുൽത്താൻ ബത്തേരി മണ്ഡലത്തെ മാറ്റിയതിെൻറ തെളിവുകളാണ് പുറത്തുവന്നതെന്ന് സെക്രേട്ടറിയറ്റ് ആരോപിച്ചു. തെരെഞ്ഞടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നടത്തിയ സാമ്പത്തിക അരാജകത്വം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കണം.
സി.കെ. ജാനുവിനെ മത്സരിപ്പിക്കാൻ കോഴ നൽകിയെന്ന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.