സുൽത്താൻബത്തേരി: പൂതാടി പഞ്ചായത്തിലുള്ള മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഫാമിലെ ഒരു പന്നിയെക്കൂടി ചൊവ്വാഴ്ച രാത്രി കടുവ പിടിച്ചു. ഇതേ ഫാമിലെ 20 പന്നികളെ ജനുവരി ആറിനും അഞ്ചെണ്ണത്തെ 14നും കടുവ കൊന്നിരുന്നു. കമ്പിവല തകര്‍ത്താണ് കടുവ ചൊവ്വാഴ്ച രാത്രി ഫാമില്‍ കയറിയത്. കടുവ പിടിച്ച പന്നികളുടെ ജഡാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല. രണ്ടു പന്നികളെയും കടുവ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയെന്ന അനുമാനത്തിലാണ് പ്രദേശവാസികള്‍.
കടുവയെ പിടിക്കുന്നതിന് വനംവകുപ്പ് സ്ഥാപിച്ച രണ്ട് കൂടുകള്‍ ഫാമിനു സമീപമാണ്. മൂടക്കൊല്ലിയില്‍ ജനുവരി ആറിനും 14ന് പുലര്‍ച്ചയും ഇറങ്ങിയത് ഡബ്ല്യു.ഡബ്ല്യു.എല്‍ 39 എന്ന പെണ് കടുവയാണെന്നു വനം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതേ കടുവയാണ് കഴിഞ്ഞ രാത്രി പന്നികളെ പിടിച്ചതെന്നാണ് സൂചന.
മുള്ളൻകൊല്ലി: സീതാമൗണ്ടിൽ വീണ്ടും കടുവ ഇറങ്ങി. ബുധനാഴ്ച രാവിലെയാണ് പ്രദേശവാസികൾ കൃഷിയിടത്തിൽ കടുവയെ കണ്ടത്. ബുധനാഴ്ച രാവിലെ സീതാമൗണ്ടിനടുത്തെ ഉഴവക്കാട്ടിൽ ശരണ്യ വീടിന് പുറത്തിറങ്ങിയപ്പോൾ കടുവയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസവും സീതാമൗണ്ടിൽ കടുവയെ കണ്ടിരുന്നു.
ഇതിന്റെ ചിത്രങ്ങൾ പ്രദേശവാസികൾ എടുത്തിട്ടുണ്ട്. തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് കടുവ ഇറങ്ങിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാർ ഭീതിയിലാണ്. പാടിച്ചിറയിൽ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല.
മുള്ളൻകൊല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം ആളുകളുടെ ഉറക്കം കെടുത്തുകയാണ്. ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കൃഷിപ്പണികളും മുടങ്ങി.
ക്ഷീര കർഷകരും വിദ്യാർഥികളും എല്ലാം ഏറെ പ്രയാസം അനുഭവിക്കുന്നു. സീതാമൗണ്ടിലും കടുവയെ കൂട് വെച്ച് പിടികൂടാൻ നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.
സുൽത്താൻബത്തേരി: വാകേരി മൂടക്കൊല്ലി ഭാഗത്ത് തമ്പടിക്കുന്ന കടുവയെ മുമ്പ് വനംവകുപ്പ് കൂട്ടിലാക്കി തുറന്നുവിട്ടതാണെന്ന് നാട്ടുകാർ. ഇവിടെ സ്ഥാപിച്ച രണ്ടു കൂടുകളും കടുവ ഗൗനിക്കാത്തതിന് കാരണം അതാണെന്നാണ് നാട്ടുകാരുടെ നിഗമനം. മുമ്പ് കൂട്ടിൽ കയറിയ ഓർമയുള്ളതിനാൽ കടുവ പിന്മാറുകയാണ്.
മൂടക്കൊല്ലി പന്നി ഫാമിന് സമീപമാണ് രണ്ടാഴ്ച മുമ്പ് വനംവകുപ്പ് രണ്ടു കൂടുകൾ സ്ഥാപിച്ചിട്ടുള്ളത്. രണ്ടിലും ഇരയായി പന്നികളെയാണ് വെച്ചിട്ടുള്ളത്. കൂടുകൾക്ക് മുന്നിലൂടെ പോയിട്ടും കൂട്ടിൽ കയറി പന്നികളെ പിടിക്കാൻ കടുവ തയാറാകുന്നില്ല. പന്നി ഫാമിലേക്ക് കടുവ പോകുന്നതും തിരിച്ചുപോകുന്നതും വനംവകുപ്പിന്റെ കൂടുകൾക്ക് മുന്നിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.