സുൽത്താൻബത്തേരി: വാകേരി മൂടക്കൊല്ലിയിലെ പന്നിഫാമിൽ വീണ്ടും കടുവയെത്തി. ഞായറാഴ്ച വെളുപ്പിന് അഞ്ചു പന്നികളെയാണ് കൊന്നത്. ഇതോടെ കടുവ കൊന്ന പന്നികളുടെ എണ്ണം 25 ആയി.
കടുവയെ പിടിക്കാൻ പന്നിഫാമിനടുത്ത് കൂടുവെച്ച് വനംവകുപ്പ് കാത്തിരിക്കുമ്പോഴാണ് കടുവ വീണ്ടും എത്തിയത്. ഓരോ തവണയും ആക്രമിക്കപ്പെടുന്ന പന്നികളുടെ എണ്ണം കണക്കുകൂട്ടുമ്പോൾ എത്തുന്ന കടുവകളും ഒന്നിൽ കൂടുതൽ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അമ്മയും കുഞ്ഞുങ്ങളും അടങ്ങുന്ന കടുവക്കൂട്ടമാണ് മൂടക്കൊല്ലിയിൽ എത്തുന്നതെന്നാണ് നാട്ടുകാരും പറയുന്നത്. കടുവയും കുഞ്ഞുങ്ങളുമാണെന്ന് സ്ഥിരീകരിക്കുന്ന ചില സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി വാർഡ് മെംബർ രുഗ്മിണി സുബ്രഹ്മണ്യൻ പറഞ്ഞു.
മൂടക്കൊല്ലിയിൽ ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ളതാണ് പന്നിഫാം. ഇക്കഴിഞ്ഞ ആറിന് കടുവ 20 പന്നികളെയാണ് കൊന്നത്.
ഞായറാഴ്ച വെളുപ്പിനും കടുവ എത്തിയതോടെ നാട്ടുകാരുടെ ക്ഷമ നശിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഏറെ നേരം വാഗ്വാദം നടന്നു. കടുവ കൊന്ന പന്നികൾക്ക് അർഹമായ നഷ്ടപരിഹാരം കൊടുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
പൂക്കോട് വെറ്ററിനറി കോളജിൽനിന്ന് പകരം പന്നികളെ എത്തിക്കണമെന്ന ആവശ്യവും നാട്ടുകാരിൽ ചിലർ ഉന്നയിച്ചു. നഷ്ടപ്പെട്ട പന്നികൾക്ക് എത്ര നഷ്ടപരിഹാരം കൊടുക്കുമെന്ന കാര്യത്തിൽ ഇതുവരെ വനംവകുപ്പ് വ്യക്തമായ ഉത്തരം പറഞ്ഞിട്ടില്ല. തുടർച്ചയായുള്ള കടുവസാന്നിധ്യവും വനംവകുപ്പിന്റെ നിസ്സഹായാവസ്ഥയും കണക്കിലെടുത്ത് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഏതാനും ദിവസം മുമ്പ് നാട്ടുകാർ മോശമായി പെരുമാറിയെന്നാരോപിച്ച് വനംവകുപ്പ് പൊലീസിൽ പരാതി കൊടുത്തിരുന്നു. അത്തരം ഒരു സാഹചര്യം ഇനിയും ഉണ്ടാവുമോ എന്നതും ഇവരെ ആശങ്കയിലാക്കുന്നുണ്ട്.
മൂടക്കൊല്ലി പന്നിഫാമിന് സമീപം രണ്ടു കൂടുകൂടി ഞായറാഴ്ച വനംവകുപ്പ് സ്ഥാപിച്ചു. ഇതോടെ പന്നിഫാമിന് സമീപത്തു മാത്രമായി മൂന്നു കൂടുകളാണുള്ളത്. എല്ലാ സമയവും മൂടക്കൊല്ലി പ്രദേശത്ത് വനം വകുപ്പിന്റെ സാന്നിധ്യവുമുണ്ട്. മൂടക്കൊല്ലി, കൂടല്ലൂർ പ്രദേശങ്ങളിൽ പകൽ സമയത്തുപോലും ഒറ്റക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ കൃഷിയിടങ്ങൾ, കാപ്പിത്തോട്ടം, കൂടുതൽ അകലെ അല്ലാതെ റിസർവ് വനത്തിന്റെ സാന്നിധ്യം എന്നിവയൊക്കെയാണ് കടുവസാന്നിധ്യം കൂടുതലാകാൻ കാരണം.
സുൽത്താൻ ബത്തേരി: മൂടക്കൊല്ലി, കൂടല്ലൂർ മേഖലകളിൽ കടുവസാന്നിധ്യം പതിവാകുമ്പോൾ എന്ത് പരിഹാരമുണ്ടാക്കുമെന്ന് വ്യക്തതയില്ലാതെ വനംവകുപ്പ്. കടുവക്കായി കൂടുവെച്ച് കാത്തിരിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. മയക്കുവെടിവെച്ച് പെട്ടെന്ന് പിടികൂടുക അസാധ്യമാണെന്നാണ് നരഭോജി കടുവയുടെ കാര്യത്തിൽ തെളിഞ്ഞത്.
അതിനാൽ നരഭോജി കടുവ കൂട്ടിലായതിനുശേഷം വീണ്ടും കടുവസാന്നിധ്യം ഉണ്ടായപ്പോൾ മയക്കുവെടിവെച്ച് പെട്ടെന്ന് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് നടത്തിയിട്ടില്ല. നാട്ടുകാരും അക്കാര്യം ഉന്നയിക്കാൻ വലിയ താൽപര്യം കാണിച്ചില്ല. പ്രദേശത്തിന്റെ ഒരു ഭാഗം മുഴുവൻ റിസർവ് വനമായതിനാൽ കടുവകൾ എത്താനുള്ള സാധ്യതകൾ ഏറെയാണ്. വനത്തിൽനിന്ന് കടുവ പുറത്തിറങ്ങാതിരിക്കാനുള്ള സജ്ജീകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മൂടക്കൊല്ലി മേഖലയിലെ കടുവ സാന്നിധ്യം ഒഴിവാകൂ. പാപ്ലശ്ശേരി മുതൽ വാകേരി ടൗണിന് അടുത്തുവരെ മാത്രം വനയോരം എട്ടു കിലോമീറ്ററിലധികം വരും.
കൽപറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലയം റേഞ്ചിന് കീഴിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മൂടക്കൊല്ലി ഭാഗത്തെ പന്നിഫാമിലെ പന്നികളെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞതായി വനംവകുപ്പ്.
പ്രദേശത്തു സ്ഥാപിച്ച കാമറയില്‍ കടുവയുടെ ചിത്രം ലഭിക്കുകയും പ്രസ്തുത കടുവ WWL 39 എന്ന പെണ്‍കടുവയാണെന്ന് തിരിച്ചറിയുകയും ചെയ്തതായി വനംവകുപ്പ് അറിയിച്ചു.ഞായറാഴ്ച പുലര്‍ച്ച ഈ കടുവ പ്രദേശത്തു വീണ്ടും എത്തുകയും പന്നികളെ പിടികൂടി ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് തന്നെ കടുവയെ പിടികൂടുന്നതിന് കൂടു സ്ഥാപിച്ചതായും ഈ ഭാഗത്തു നിരന്തരം നിരീക്ഷണം നടത്തിവരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.
ജനുവരി ആറിന് ഇതേ കടുവ പന്നിഫാം ആക്രമിച്ച് പന്നികളെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് വനപാലകര്‍ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കമ്മിറ്റി രൂപവത്കരിച്ച് കടുവയെ തിരിച്ചറിയുന്നതിന് കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചതായും വനംവകുപ്പ് അറിയിച്ചു.
സുൽത്താൻബത്തേരി: കൊളഗപ്പാറ ചൂരിമലയിൽ വീണ്ടും കടുവയുടെ ആക്രമണം. വീടിനടുത്ത് മേയാൻ വിട്ട പോത്തിനെ കൊന്നു. ചൂരിമല ചെരിയംപുറത്ത് പറമ്പിൽ ഷേർളി കൃഷ്ണന്റെ പോത്തിനെയാണ് കടുവ കൊന്നത്. പോത്തിനെ ശനിയാഴ്ച മുതൽ കാണാതായിരുന്നു.
അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച വൈകീട്ടാണ് പോത്തിന്റെ ജഡം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാർ പോത്തിന്റെ ജഡവുമായി ബീനാച്ചി-പനമരം റോഡിലെ നമ്പീശൻ കവലയിൽ രാത്രി വൈകിയും പ്രതിഷേധിച്ചു. വനപാലകരും പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.