സുൽത്താൻ ബത്തേരി: അമ്പലവയൽ അമ്പുകുത്തി പാടിപ്പറമ്പിൽ സ്വകാര്യ തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 6.30ഓടെയൊണ് ഒന്നര വയസ്സുള്ള ആൺകടുവയുടെ ജഡം പത്തൊമ്പതാം മൈൽ-പാടിപറമ്പ് പാതയോരത്തായുള്ള തോട്ടത്തിൽ കണ്ടെത്തിയത്.
കഴുത്തിൽ കുരുക്ക് കുരുങ്ങിയ നിലയിലായിരുന്നു. പൊൻമുടിക്കോട്ട പ്രദേശത്ത് രണ്ടരമാസത്തിലധികമായി വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവകളിലൊന്നിനെയാണ് ചത്തനിലയിൽ കണ്ടെത്തിയതെന്നാണ് സംശയം. കടുവയുടെ കഴുത്തിൽ കുടുങ്ങിയ കുരുക്കാണ് മരണത്തിനിടയാക്കിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
വൈകീട്ട് നടത്തിയ പരിശോധനയിൽ 24 മണിക്കൂറിനുള്ളിലാണ് കടുവ ചത്തതെന്ന് വ്യക്തമായതായും ബുധനാഴ്ച പുലർച്ചയായിരിക്കാം സംഭവമെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ ജഡം സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും.പൊൻമുടിക്കോട്ട, എടക്കൽ, അമ്പുകുത്തി, മാളിക, കൊളഗപ്പാറ, കുപ്പകൊല്ലി, കുപ്പമുടി പ്രദേശങ്ങളിൽ 70ദിവസത്തിലധികമായി കടുവ, പുലി ശല്യം രൂക്ഷമായി തുടരുകയാണ്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കർമസമിതി കഴിഞ്ഞ ദിവസം ആയിരംകൊല്ലയിൽ കൊളഗപ്പാറ-അമ്പലവയൽ റോഡ് ഉപരോധിച്ചിരുന്നു.
കഴിഞ്ഞദിവസം അമ്പലവയൽ ടൗണിനോട് ചേർന്നും ബുധനാഴ്ച വൈകീട്ട് അമ്പുകുത്തി വെള്ളച്ചാട്ടം പ്രദേശത്തും കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കടുവയെ പിടികൂടുന്നതിന് പ്രദേശത്ത് മൂന്നു കൂടുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ 17നാണ് പൊൻമുടിക്കോട്ട പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പെൺകടുവ കൂട്ടിലാകുന്നത്. അന്ന് കൂട്ടിലായ പെൺകടുവയുടെ രണ്ടു കുട്ടി കടുവകൾ ഉൾപ്പെടെ പൊൻമുടിക്കോട്ട കേന്ദ്രീകരിച്ച് മൂന്നു കടുവകളും രണ്ടു പുലികളും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിൽ കുട്ടി കടുവകളിലൊന്നിനെയാണോ ചത്തനിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്ത് ഭീതിപരത്തുന്ന കടുവ, പുലി ആക്രമണത്തിൽ ഇതിനോടകം നിരവധി വളർത്തുമൃഗങ്ങളാണ് ചത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.