സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിലെ ക്ഷീര കർഷകർ തൊഴുത്തുകൾ ഉറപ്പുള്ളതാക്കാൻ തുടങ്ങിയതോടെ കടുവയും ഗതികെട്ട അവസ്ഥയിൽ. ഞായറാഴ്ച രാത്രിയും കടുവ എത്തിയിരുന്നു. ഒന്നുരണ്ടു പശുത്തൊഴുത്തുകൾക്ക് ചുറ്റും നടന്നുവെങ്കിലും തിരിച്ചു പോയി.
പ്രദേശത്തുള്ള ക്ഷീര കർഷകരിൽ കുറെപേർ ഇൻഡസ്ട്രിയലിൽ പണിയെടുപ്പിച്ച് തൊഴുത്ത് കടുവക്ക് കയറാൻ പറ്റാത്ത രീതിയിലാക്കിയതോടെയാണ് കടുവ വലഞ്ഞിരിക്കുന്നത്. മറ്റു ക്ഷീരകർഷകരും തൊഴുത്ത് അടച്ചുറപ്പുള്ളതാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പശുക്കളെ ആക്രമിക്കാനാകാതെ മടങ്ങിയ കടുവ ഇരയെ കിട്ടാതെ കൂടുതൽ വിശന്നുവലഞ്ഞ അവസ്ഥയിലാണ്. ഇതിനാൽ തന്നെ കൂടുതൽ അക്രമകാരിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
തൊഴുത്തിന് ചുറ്റും ഇരുമ്പ് വലയും ഷീറ്റുകളും കൊണ്ട് മറച്ചാണ് പശുക്കൾക്ക് കർഷകർ സംരക്ഷണം ഒരുക്കുന്നത്. മുണ്ടക്കൊല്ലിയിൽ മാത്രം അറുപതോളം പേരാണ് പാലളക്കുന്നത്. ഇതിൽ പകുതിയിലേറെ പേരും തൊഴുത്ത് ഉറപ്പുള്ളതാക്കിയതായി ചീരാൻ സർവകക്ഷി സമരസമിതിയുടെ ചെയർമാൻ കെ.ആർ. സാജൻ പറഞ്ഞു.
വലിയ സാമ്പത്തിക ചെലവ് വരുന്ന കാര്യമായതിനാൽ മിക്ക കർഷകരും പണം കടം വാങ്ങിയും മറ്റുമാണ് തൊഴുത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടർ പങ്കെടുത്ത യോഗത്തിൽ തൊഴുത്തു മാറ്റി പണിയാൻ കർഷകർക്ക് സഹായം അനുവദിക്കണമെന്ന് സർവകക്ഷി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ചയും വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തി. നാട്ടിലേക്ക് ഇറങ്ങുമ്പോൾ വനയോരത്ത് വെച്ച് കടുവയെ വെടിവെക്കാമെന്ന കണക്കുകൂട്ടലാണ് ആർ.ആർ.ടി അംഗങ്ങൾക്കുള്ളത്. കുറച്ചുദിവസമായി കടുവ കാര്യമായി ഭക്ഷണം കഴിച്ചില്ലെന്ന നിഗമനത്തിലാണ് വനം വകുപ്പുള്ളത്.
വിശപ്പ് സഹിക്കാൻ കഴിയാതെ വന്നാൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറാനുള്ള സാധ്യത കൂടുകയാണ്. അതേസമയം, അയ്യൻചോല വേലായുധന്‍റെ പരിക്ക് പറ്റി അവശ നിലയിലായിരുന്ന രണ്ടു പശുക്കളെ തിങ്കളാഴ്ച പൂക്കോട് വെറ്ററിനറി കോളജിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പശുക്കൾക്ക് വിദഗ്ധ ചികിത്സ കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.