സുൽത്താൻ ബത്തേരി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കടുവ ശല്യം രൂക്ഷമാകുമ്പോൾ ജനജീവിതം ദുരിതത്തിൽ. എല്ലായിടത്തും വനം വകുപ്പ് എത്തുന്നുണ്ടെങ്കിലും കടുവ ശല്യത്തിന് ഒരു കുറവുമില്ല. ബത്തേരിയുടെ സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി പുലിയും എത്തുന്നുണ്ട്.
ബത്തേരി മുനിസിപ്പാലിറ്റിയിലെ ബീനാച്ചി, പൂമല, കരടിമൂല, കൊളഗപ്പാറയ്ക്കടുത്തെ ചൂരിമലക്കുന്ന്, മീനങ്ങാടിക്കടുത്ത് മിൽമ ചില്ലിങ് പ്ലാന്റ്, പൂതാടി പഞ്ചായത്തിലെ പരപ്പനങ്ങാടിക്കടുത്ത് തൂത്തിലേരി, വളാഞ്ചേരി എന്നിവിടങ്ങളിലൊക്കെ കടുവകളും പുലിയും ചുറ്റിക്കറങ്ങുകയാണ്.
ചൂരിമലക്കുന്നിൽ പെരുങ്ങോട്ടിൽ പൗലോസിന്റെ കറവപ്പശുവിനെയാണ് വെള്ളിയാഴ്ച വെളുപ്പിന് കടുവ കൊന്നത്. ഇവിടെ ഒരു കിടാവിനെ ആക്രമിച്ചിട്ടുമുണ്ട്. പൂമല കരടിമൂലയിൽ രണ്ടാഴ്ച മുമ്പ് നിരവധി ആടുകളെ ആക്രമിച്ചു. ഒന്നിൽ കൂടുതൽ കടുവകൾ ഈ മേഖലയിലുണ്ടെന്നാണ് നിഗമനം
പൂതാടി പഞ്ചായത്തിലെ പരപ്പനങ്ങാടിയിൽ ഒരാഴ്ച മുമ്പാണ് യുവാവിനെ കടുവ ഓടിച്ചത്. അതിന് ശേഷം വളാഞ്ചേരി മേഖലയിൽ കാമറകൾ സ്ഥാപിച്ചുവെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. വനം വകുപ്പ് ഇടക്കിടെ എത്തി വളാഞ്ചേരിയിലെ കാമറയുടെ ബാറ്ററി മാറ്റുന്നുണ്ട്.
ജനം പേടിച്ച് ഇവിടെ പുറത്തിറങ്ങാത്ത അവസ്ഥയാണ്. പാമ്പ്ര വനത്തിൽ കടുവ തങ്ങുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. കൂടു വെച്ചിരുന്നെങ്കിൽ കടുവയെ പിടിക്കാൻ കഴിയുമെന്നാണ് പരപ്പനങ്ങാടി, പാപ്ലശേരി, വട്ടത്താനി, വളാഞ്ചേരി, മോസ്കോക്കുന്ന് ഭാഗങ്ങളിലുള്ളവർ പറയുന്നത്. മീനങ്ങാടിയിൽ പി.ബി.എം കവലയ്ക്കും ചില്ലിങ് പ്ലാൻറിനുമിടയിലുള്ള ഭാഗത്താണ് വ്യാഴാഴ്ച രാത്രി പുലിയുടെ സാന്നിധ്യമുണ്ടായത്.
പുലി റോഡു മുറിച്ചു കടന്നുവെന്നാണ് ദൃക്സാക്ഷികളിൽ ചിലർ പറയുന്നത്. വനം വകുപ്പ് നിരീക്ഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തൃക്കേപ്പറ്റ ചെലേരിക്കാവിൽ വെള്ളിയാഴ്ച വെളുപ്പിന് ഒരു പശു ആക്രമിക്കപ്പെട്ടിട്ടുണ്ട്. പുലിയാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. മീനങ്ങാടി വഴി കടന്നു പോയ പുലിയാണോ ഇതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.