മാനന്തവാടി: സുപ്രീംകോടതി വിധിയുണ്ടായിട്ടും ജയിലിന് പുറത്തിറങ്ങാൻ കഴിയാതെ യുവാവ്. തൊണ്ടർനാട് തേറ്റമല ചെമ്പനിയിൽ എൺപതുകാരിയായ മാതാവ് ഏലിയാമ്മയും മകന്റെ മോചനത്തിനായുള്ള കാത്തിരിപ്പിലാണ്. വയനാട്ടിൽ നടന്ന കൊലപാതക കേസിൽ 2003ലാണ് മനോജ് ജീവപര്യന്തം തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലായത്.
ജീവപര്യന്തം തടവുകാർ 14 വർഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ ജയിൽ അഡ്വൈസറി ബോർഡിന്റെ ശിപാർശയിൽ ജയിൽ മോചിതരാക്കാൻ നിയമമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മനോജിന്റെ മാതാവ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ലാതായതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് മനോജിനെ നാല് ആഴ്ചക്കുള്ളിൽ ജയിൽ മോചിതനാക്കണമെന്ന് ഫെബ്രുവരി ഏഴിന് വിധി പുറപ്പെടുവിച്ചിരുന്നു. ഉത്തരവിന്റെ പകർപ്പ് ഡി.ജി.പി, സംസ്ഥാന സർക്കാർ, ജയിൽ അഡ്വൈസറി ബോർഡ് എന്നിവർക്ക് നൽകുകയും ചെയ്തിരുന്നു. 20 വർഷം ശിക്ഷ പൂർത്തിയാക്കിയ മനോജ് ഇപ്പോൾ ചീമേനി തുറന്ന ജയിലിലാണുള്ളത്. സുപ്രീംകോടതി നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും മകനെ മോചിതനാക്കാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്ന് ഏലിയാമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.