കൽപറ്റ: പുത്തുമല പുനരധിവാസത്തിനായി ആവിഷ്കരിച്ച ഹർഷം പദ്ധതിയിൽ പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച 10 വീടുകൾ ഏഴിന് ജില്ല ഭരണകൂടത്തിന് കൈമാറും. സർക്കാർ നൽകിയ നാലു ലക്ഷം രൂപയും പീപ്ൾസ് ഫൗണ്ടേഷൻ വിഹിതമായ അഞ്ചു ലക്ഷവും ചേർത്ത് 662 ചതുരശ്രയടി വീതം വിസ്തീർണമുള്ള വീടുകളാണ് പൂർത്തിയാക്കിയത്.സർക്കാറിെൻറ പ്ലാനിൽ ഒരുമാറ്റവും വരുത്താതെയാണ് വീടുകളുടെ നിർമാണം പൂർത്തീകരിച്ചതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2020 ഒക്ടോബർ അഞ്ചിനാണ് മേപ്പാടി പൂത്തക്കൊല്ലിയിൽ വീടുകളുടെ നിർമാണം ആരംഭിച്ചത്. ജില്ല ഭരണകൂടത്തിെൻറയും മേപ്പാടി ഗ്രാമപഞ്ചായത്തിെൻറയും ജനകീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിലാണ് പ്രവൃത്തികൾ നടന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും 10 മാസംകൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കാനായത് നേട്ടമാണ്. ഏഴിന് വൈകീട്ട് നാലിന് പൂത്തക്കൊല്ലിയിൽ നടക്കുന്ന വീടുകളുടെ കൈമാറ്റച്ചടങ്ങിൽ എം.വി. ശ്രേയാംസ്കുമാർ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന രമേഷ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് തുടങ്ങിയവർ പങ്കെടുക്കും.
നേരത്തേ, പുത്തുമല ദുരന്തബാധിതരായ ആറു കുടുംബങ്ങൾക്ക് കാപ്പംകൊല്ലിയിൽ പീപ്ൾസ് ഫൗണ്ടേഷൻ അഞ്ച് സെൻറ് സ്ഥലവും 500 ചതുരശ്രയടി വിസ്തീർണമുള്ള വീടും നിർമിച്ചുനൽകിയിരുന്നു. ഹർഷം പദ്ധതിയിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 56 വീടുകളാണ് പൂത്തക്കൊല്ലിയിൽ നിർമിക്കുന്നത്.
എല്ലാ പ്രവൃത്തികളും പൂർത്തിയാക്കിയാണ് പീപ്ൾസ് ഫൗണ്ടേഷൻ വീടുകൾ കൈമാറുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമാണവും വേഗത്തിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ്, പി.ആർ സെക്രട്ടറി ടി. ഖാലിദ് പനമരം, ജില്ല സമിതിയംഗം ബി. സലീം, പുനരധിവാസ സമിതി കൺവീനർ നവാസ് പൈങ്ങോട്ടായി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.