പുൽപള്ളി: വേനലിെൻറ വരവറിയിച്ച് പുൽപള്ളി മേഖലയിൽ ജലാശയങ്ങൾ വറ്റിത്തുടങ്ങി. കബനി നദിയിലടക്കം നീരൊഴുക്ക് കുറഞ്ഞു. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കബനിയിൽ ജലനിരപ്പ് താഴുന്നത്.
ഇത്തവണ നവംബർ മുതൽതന്നെ വെള്ളം കുറഞ്ഞുതുടങ്ങി. ഇതോടെ പലയിടത്തും പാറക്കെട്ടുകൾ കാണാനാകും.
പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് തേന്മാവിൻ കടവിൽ വെള്ളം കുത്തനെ താഴ്ന്നു. തോണിക്കടവിൽ മാത്രമാണ് അത്യാവശ്യം വെള്ളം കാണുന്നത്. മരക്കടവിൽ പലയിടങ്ങളിലും പുഴക്ക് നടുവിലെ കൂറ്റൻ പാറക്കെട്ടുകൾ ഏറെ ഉയരത്തിൽ പൊങ്ങി നിൽക്കുകയാണ്. പൂർണമായും വയനാട്ടിൽനിന്ന് ഉത്ഭവിക്കുന്ന കബനിയിലെ ജലം ഉപയോഗപ്പെടുത്തുന്നത് കർണാടകയാണ്. കബനിയിലെ വെള്ളം ബീച്ചനഹള്ളി അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുകയാണിപ്പോൾ. വർഷങ്ങളായി കബനി വേനൽ തുടങ്ങുന്നതോടെ വറ്റുന്നത് പതിവാണ്.
ഇത്തവണ ഇത് നേരത്തേയായി. ജലനിരപ്പ് കുത്തനെ താഴുന്നത് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാണെന്നാണ് നിഗമനം.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ കൊടുംചൂടാണ്.
ചൂടേറ്റ് കൃഷികൾ കരിഞ്ഞുണങ്ങുന്നതും തുടരുന്നു. ഇത്തവണ മേഖലയിൽ മഴയും കുറവായിരുന്നു. കിണറുകളിലടക്കം വെള്ളം താഴുകയാണ്. വരൾച്ചയെ തടയാൻ വിവിധ പദ്ധതികൾക്ക് രൂപം നൽകിയെങ്കിലും പലതും ലക്ഷ്യത്തിലെത്തിയിട്ടില്ല.
80 കോടിയുടെ വരൾച്ച ലഘൂകരണ പദ്ധതിയും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.
മേഖലയിൽ ജലസേചന സൗകര്യമൊരുക്കുന്നതിന് കടമാൻതോട് പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.