വെള്ളമുണ്ട: മംഗലശ്ശേരി മലയിൽ പ്ലാേൻറഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യതോട്ടത്തിലെ മരംമുറിയാണ് വെള്ളമുണ്ട വില്ലേജ് ഓഫിസറും വനംവകുപ്പും തടഞ്ഞത്.
പരിസ്ഥിതിദുർബല പ്രദേശമായി (ഇ.എഫ്.എൽ) വനംവകുപ്പ് രേഖപ്പെടുത്തിയ സ്ഥലത്തിനോട് ചേർന്ന പളാേൻറഷൻ തോട്ടത്തിലാണ് വൻ മരങ്ങൾ കൂട്ടത്തോടെ മുറിച്ചത്. നിയമപ്രകാരമുള്ള അനുമതികളൊന്നും വാങ്ങാതെയാണ് മരംമുറി നടന്നതെന്ന് പരാതിയുണ്ട്.
വനത്തോട് ചേർന്ന പ്ലാേൻറഷൻ തോട്ടങ്ങളിൽ ചെറുകിടമരങ്ങളടക്കം കൂട്ടത്തോടെ മുറിച്ചുകടത്തുന്നതായ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരം ഭൂമികളിലെ മരം മുറിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്നാണ് ചട്ടം.
വാളാരംകുന്ന് പ്രദേശത്തിന് താഴെനിന്ന് കഴിഞ്ഞദിവസം ചെറുമരങ്ങൾ കൂട്ടത്തോടെ കടത്തിയതായി നാട്ടുകാർ പറയുന്നു. മുമ്പ് ആദിവാസി ഭൂമികളിൽനിന്നടക്കം മരംമുറിച്ചത് വിവാദമായിരുന്നു. അന്ന് മരംമുറിക്കെതിരെ പരാതിപ്പെട്ടവരെ മരം മുറിച്ചുകടത്തിയ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി മുഴക്കിയ അതേ വ്യക്തിതന്നെയാണ് നിർബാധം ഇപ്പോഴും മരംമുറിച്ചുകടത്തുന്നത്. മലമുകളിലെ പ്ലാേൻറഷൻ തോട്ടത്തിൽനിന്ന് മുമ്പ് മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും തോട്ടങ്ങളിൽ കിടക്കുന്നുണ്ട്.
രണ്ട് മാസമായി തുടരുന്ന ലോക്ഡൗണിൽ സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ ചൂഷണംചെയ്ത് ചെറിയ വിലയ്ക്ക് മരം വാങ്ങി വൻ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഭവങ്ങളും വ്യാപകമാണ്.
മലമുകളിലെ റിസർവ് തോട്ടങ്ങളിലും വ്യാപകമായി മരംമുറി നടക്കുന്നുണ്ട്. മുറിച്ചിട്ടമരങ്ങൾ കൊണ്ടുപോകാനാവാതെ പലസ്ഥലത്തും കൂട്ടിയിട്ടതും കാണാനാകും. മുട്ടിൽ മരംമുറി വിവാദത്തെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മംഗലശ്ശേരി മലയിലെ മരം മറി.
കഴിഞ്ഞ മൂന്നു വർഷത്തിലധികമായി ബാണാസുര മലയുടെ താഴ്വാരത്തുനിന്ന് വൻതോതിലാണ് മരങ്ങൾ മുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.