വാകേരി: വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയ പ്രജീഷിന് നാടൊന്നാകെ യാത്രാമൊഴിയേകി. 10ാ ക്ലാസുവരെ പഠിച്ച പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഒരു കുടുംബത്തിന്റെ നെടുംതൂണാണ് നഷ്ടപ്പെട്ടത്. മുഴു സമയവും പശു, ആട് എന്നിവയെ പരിപാലിക്കുന്ന ജോലിയായിരുന്നു. വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നു. പ്രജീഷിന്റെ ദാരുണാന്ത്യം ഒരു നാടിനെ മുഴുവൻ ദു:ഖത്തിലാഴ്ത്തി. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയ മൃതദേഹം കുറച്ചു സമയം മോർച്ചറി പരിസരത്ത് പൊതുദർശനത്തിന് വെച്ചിരുന്നു.
വീട്ടിലെത്തിച്ചതോടെ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണീരൊപ്പാൻ കഴിയാതെ നാട് തേങ്ങി.മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിയാളുകളാണ് കൂടല്ലൂരിലെ പ്രജീഷിന്റെ വീട്ടിൽ എത്തിയത്. പ്രജീഷിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച അഞ്ചുമണിയോടെയാണ് മൂടക്കൊല്ലിയിൽ മൃതദേഹം എത്തിച്ചത്. വനംവകുപ്പിനെതിരെ വലിയ രോഷമാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. വീട്ടുവളപ്പിൽ മൃതദേഹം എത്തിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ രോഷം പ്രകടിപ്പിച്ചു. എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവർ അഭ്യാർഥിച്ചതോടെ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.