സുൽത്താൻ ബത്തേരി: കടുവ ശല്യത്തിന് പരിഹാരം കാണാത്തതിനെതിരെ ചീരാൽ സർവകക്ഷി കർമസമിതി ചൊവ്വാഴ്ച രാവിലെ നടത്തിയ പഴൂർ വനം ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് മാർച്ചിൽ അണിനിരന്നത്.
ചീരാലിൽ നിന്ന് തുടങ്ങിയ മാർച്ച് പഴൂർ കവലയിൽ പൊലീസ് തടഞ്ഞു. തുടർന്ന് ബത്തേരി- പാട്ടവയൽ റോഡിൽ ഇരുന്ന നാട്ടുകാർ അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ചു. കടുവ ആക്രമണത്തിൽ പൊറുതിമുട്ടിയ പഴൂർ, മുണ്ടക്കൊല്ലി, ചീരാൽ, വല്ലത്തൂർ, ആശാരിപ്പടി, നമ്പിക്കൊല്ലി, കരുവള്ളി തുടങ്ങിയ ചീരാൽ വില്ലേജിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിലുള്ളവരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാർ മാർച്ച് ഉദ്ഘാടനം ചെയ്തു. കടുവ പ്രശ്നത്തിൽ അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അർഹതപ്പെട്ടവർക്ക് ഉടനെ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരം കണക്കാക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരസമിതി ചെയർമാൻ കെ.ആർ. സാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, നേന്മേനി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റിജി ചെറുതോട്ടിൽ, ജില്ല പഞ്ചായത്ത് മെമ്പർ അമൽ ജോയ്, മുസ്ലിം ലീഗ് നേതാവ് ടി. മുഹമ്മദ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. മധു, സി.പി.ഐ നേതാവ് പി.എം. ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ, ആക്ഷൻ കമ്മിറ്റി കൺവീനർ എം.എ. സുരേഷ്, ജോയിന്റ് കൺവീനർ എം.എസ്. ഫെബിൻ, കണ്ണോത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.